കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
തിരുരങ്ങാടി: തെന്നല പഞ്ചായത്തിലെ കാച്ചടി കാളികടവിന് സമീപം കനത്ത മഴയെ തുടര്‍ന്ന് വന്‍ പാറക്കെട്ട് അടര്‍ന്ന് വീണ് നിര്‍മാണത്തിലിരുന്ന മുണ്ടത്തോടന്‍ അബ്ദുറസാഖിന്റെ ഇരുനില വീട് ഭാഗികമായി തകര്‍ന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് വന്‍ ശബ്ദത്തോടെ പാറ അടര്‍ന്ന് വീണത്. തല്‍സമയം വീടിന്റെ പരിസരത്ത് നിര്‍മാണത്തൊഴിലാളികളോ വീട്ടുകാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇരുനില വീടിന്റെ ഡൈനിങ്ങ്ഹാളും അടുക്കളയും വര്‍ക് ഏരിയയും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഇനിയും വീടിന്റെ പരിസരത്ത് ഉയരത്തില്‍ മൂന്ന് പാറക്കെട്ടുകള്‍ കൂടി അപകടനിലയില്‍ ഏത് സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഏകദേശം 25 ലക്ഷം രൂപയോളം ഇതിനകം ചിലവഴിച്ച് പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ടില്‍ ഇനി താമസിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കുടുംബം.
സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ സന്ദര്‍ശിച്ചു. നിലവിലെ അപകടാവസ്ഥയിലുള്ള പാറക്കെട്ടുകള്‍ അടിയന്തിരമായി ഒഴിവാക്കണമെന്നും തകര്‍ന്ന വീട് പൂര്‍വസ്ഥിതില്‍ നിര്‍മിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കുടുംബം കലക്ടര്‍ക്ക് നിവേദനം നല്‍കി.
തേഞ്ഞിപ്പലം: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ വൈദ്യുതിത്തൂണ്‍ മറിഞ്ഞുവീണ് അപകടം.
ചെനക്കലങ്ങാടി -ചീനക്കനാരി പുതിയ സ്‌കൂള്‍ റോഡില്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മഴയോടൊപ്പം അടിച്ചുവീശിയ ശക്തമായ കാറ്റില്‍ റോഡരികിലെ മരം പൊട്ടിവീണ് വൈദ്യുതിലൈനില്‍ പതിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് കടപുഴകി വീണത്.
ഇതേ സമയം ഇതുവഴി വന്ന ഓട്ടോറിക്ഷക്ക് മുകളിലാണ് പോസ്റ്റ് പതിച്ചത്.
വാഹനത്തില്‍ ഡ്രൈവറും മറ്റു യാത്രക്കാരുമുണ്ടായിരുന്നു. എല്ലാവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ് വീണതു മൂലം ഓട്ടോറിക്ഷയുടെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ചെനക്കലങ്ങാടി കള്ളിയില്‍ മുഹമ്മദിന്റെ വീട്ടുവളപ്പിലെ വൈദ്യുതിത്തൂണാണ് തകര്‍ന്നത്. പോസ്റ്റ് വീണ് വീടിന്റെ ചുറ്റുമതിലും പൊളിഞ്ഞു. വൈദ്യുതിലൈന്‍ തകരാറായതിനാല്‍ പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണവും നിലച്ചു. ദേശീയപാതയോരത്ത് പാണമ്പ്രയില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് കഴിഞ്ഞ ദിവസം രാത്രിയില്‍ കടപുഴകി വീണിരുന്നു.
വേങ്ങര: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്ന നീണ്ട മഴയെ തുടര്‍ന്ന് കാരാത്തോട്ട് വീടിന്റെ കിണര്‍ ഇടിഞ്ഞ് വീണു. മുസ്്‌ലിയാര്‍ കുറുങ്കാട്ടില്‍ ആലിയുടെ വീട്ടിലെ ഉപയോഗത്തിലിരുന്ന കിണറാണ് വെളളിയാഴ്ച രാത്രിയില്‍ തകര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ വെളളമെടുക്കാനെത്തിയപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കിണറിന്റെ ചുറ്റുമതിലും അനുബന്ധ ഉപകരണങ്ങളും ഉള്‍വലിഞ്ഞു.
തേഞ്ഞിപ്പലം: കനത്ത മഴയിലും കാറ്റിലും മൂന്നിയൂര്‍-പണിക്കോട്ടും പടിയില്‍ മരംവീണ് വീട് തകര്‍ന്നു. പടിക്കല്‍ കളഞ്ഞിങ്ങല്‍ താഴെ കൊമ്പില്‍ ഇസ്മായിലിന്റെ വീടിന് മുകളിലേക്കാണ് ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണത്. വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന പറങ്കിമാവാണ് പൊട്ടിവീണത്. വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
ഓടിട്ട വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കൂടാതെ ചുമരും ഓടും പൊട്ടി തകര്‍ന്നിരിക്കുന്നു. സംഭവസമയത്ത് വീടിനുളളിലായിരുന്ന ഇസ്മായിലിന്റെ ഭാര്യ ഫാത്തിമ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തകര്‍ന്ന വീടിന് 3ലക്ഷംരൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."