HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എയ്ക്ക് കടമ്പകളേറെ
backup
July 27 2020 | 02:07 AM
കൊച്ചി : നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എയ്ക്ക് നിരവധി തടസ്സങ്ങള്‍. കേസില്‍ അറസ്റ്റിലായ പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് തുടര്‍ച്ചയായി മൊഴി നല്‍കുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.
കേസന്വേഷണം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്കും കൂടി നീളുന്നതോടെ നയതന്ത്ര പ്രശ്‌നങ്ങള്‍ ഉയരാനിടയുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐക്യരാഷ്ടസഭയുടെ ഉടമ്പടികളുണ്ട്.
വിവധ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പ്രതിരോധം എന്ന പ്രത്യേക ആനുകൂല്യമുണ്ട്.
ആതിഥേയ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി കുറ്റം ചാര്‍ത്തപ്പെടാതിരിക്കാനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ചാരവൃത്തിയുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആതിഥേയ രാജ്യത്തുവച്ച് ചെയ്താല്‍ മാതൃരാജ്യത്തിന് ഈ ആനുകൂല്യങ്ങള്‍ റദ്ദാക്കാനാകും.
സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീട്ടുകയെന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അനുമതിക്കായി വിദേശകാര്യമന്ത്രാലയമുള്‍പ്പെടെ ഇടപെടേണ്ടതായി വരും. അങ്ങനെ വരുമ്പോള്‍ കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തുന്നത് അന്വേഷണഗതി തന്നെ മാറ്റി മറിച്ചേക്കും.
സ്വര്‍ണക്കടത്തിലെ സംസ്ഥാനത്തെ ഉന്നതരുടെ പങ്കിലേക്ക് അന്വേഷണമെത്തുന്നത് തടയാനും പ്രതികളുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് തുടര്‍ച്ചയായി മൊഴി നല്‍കുന്ന സ്വപ്ന തുടക്കം മുതലേ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞിരുന്നു.
അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും നയതന്ത്ര ബാഗേജില്‍ എത്തിച്ച സാധനം കൈമാറുക എന്ന ദൗത്യം മാത്രമാണ് നിര്‍വഹിച്ചതെന്നാണ് പ്രതികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. കോണ്‍സുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥരിലേക്ക് അന്വേഷണ ഗതി മാറ്റി സംസ്ഥാനത്തെ പ്രമുഖരെ രക്ഷിക്കാനാണ് പ്രതികളുടെ നീക്കമെന്നാണ് സംശയം.
അതേസമയം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അന്വേഷണം അപൂര്‍ണമാകുമെന്ന പ്രശ്‌നവുമുണ്ട്.
ഇന്ത്യയുമായി ഏറ്റവും മികച്ച നയതന്ത്ര ബന്ധമുള്ള രാജ്യമാണ് യു.എ.ഇ . ലോകത്ത് ഏറ്റവും അധികം പ്രവാസി ഇന്ത്യക്കാരുള്ള രാജ്യം കൂടിയാണ് യു.എ.ഇ.
അത്തരമൊരു സുഹൃദ് രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതു മൂലം അവരുമായുള്ള നല്ല ബന്ധത്തിന് കോട്ടം തട്ടുന്നതിന് ഇടയാക്കിയേക്കും.
അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കാന്‍ മനഃപൂര്‍വമായാണോ പ്രതികള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കിനെ പറ്റി മൊഴി നല്‍കുന്നതെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."