മാടായിപ്പാറയുടെ നിറം മങ്ങില്ല; ജല്ലി കല്ലുകള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്
പഴയങ്ങാടി: മാടായിപ്പാറയുടെ ജൈവ വൈവിധ്യത്തിനു ഭീഷണി സൃഷ്ടിച്ച് മൂന്നേക്കറോളം സ്ഥലത്ത് അനധികൃതമായി നിക്ഷേപിച്ച കരിങ്കല്‍ ജല്ലികള്‍ 15 ദിവസത്തിനകം നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഞ്ചു മാസക്കാലമായി മാടായിക്കാവ് ദേവസ്വത്തിന്റെ അനുമതിയില്ലാതെ നൂറുകണക്കിനു ലോഡ് ജില്ലികള്‍ റോഡ് നിര്‍മാണത്തിന്റെ പേരില്‍ പൊതുമരാമത്ത് കരാറുകാരന്‍ മാടായി കാവിനടുത്ത പാറക്കുളത്തിനരികില്‍ തുറസായ സ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നു. മാടായിപ്പാറയിലെ ജൈവ വൈവിധ്യ പ്രദേശത്ത് കരിങ്കല്‍ ജല്ലികള്‍ കൂട്ടിയിട്ട ചിത്രം കഴിഞ്ഞ ഡിസംബര്‍ 25ന് 'സുപ്രഭാതം' പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടത്. ദേശാടന പക്ഷികളടക്കം സസ്യ ജന്തു ജാലങ്ങളുടെ പ്രജനന-ഭക്ഷണ ഇടങ്ങളായിരുന്നു ഇതുകാരണം നശിപ്പിക്കപ്പെട്ടത്. ഇതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരന്തരം ജില്ലാ കലക്ടര്‍ക്കും പൊലിസ് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചിറക്കല്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാടായി പാറയുടെ തനത് വ്യവസ്ഥയ്‌ക്കോ സസ്യ ജന്തുജാലങ്ങള്‍ക്കോ പാറപ്പുറത്തിനോ യാതൊരു ക്ഷതവും തട്ടാത്ത വിധത്തിലും ജെ.സി.ബി ഉപയോഗിക്കാതെയുമായിരിക്കണം ജല്ലി നീക്കം ചെയ്യേണ്ടതെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഇതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ പറയിലെ വാഹന പ്രവേശം, പാറ ഖനനം തുടങ്ങി കൈയേറ്റമടക്കമുള്ള നശീകരണങ്ങള്‍ക്കെതിരേയുള്ള വിധിയാണെന്ന് മാടായിപ്പാറ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ കെ.പി ചന്ദ്രാംഗദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."