ഖത്തറിൽ കോവിഡു നിയന്ത്രണം നീക്കുന്നതിൻ്റെ മൂന്നാം ഘട്ടം ചൊവ്വാഴ്ച മുതൽ ബാർബർ ഷോപ്പുകൾ തുറക്കും നിശ്ചിത മസുജിദുകളിൽ ജുമുഅ
ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ 28 മുതല്‍ നടപ്പില്‍ വരും. നേരത്തെ ആഗസ്ത് 1 മുതലാണ് മൂന്നാം ഘട്ടം പ്രാബല്യത്തിലാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും നാലുദിവസം നേരത്തെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദേശീയ മഹാമാരി തയാറെടുപ്പ് സമിതിയുടെ ഉപാധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തറിലെ പ്രതിദിന കോവിഡ് കേസുകളുടെ നിരക്ക് ക്രമേണ കുറഞ്ഞുവരികയാണെന്ന് ഡോ.അല്‍ഖാല്‍ ചൂണ്ടിക്കാട്ടി.
മെയ് അവസാനമാണ് ഖത്തറില്‍ ഉയര്‍ന്നനിരക്കില്‍ കോവിഡ് കേസുകള്‍ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം കേസുകളുടെ എണ്ണം പ്രതിദിനം കുറഞ്ഞുതുടങ്ങി. നിലവില്‍ 250 മുതല്‍ 400വരെ കേസുകളാണുള്ളത്. മിക്കതും ചെറുപ്പക്കാരിലാണ്. ഈദുല്‍ അദ്ഹ അവധിദിനങ്ങള്‍ക്കു മുന്നോടിയായി ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.ന്നാംഘട്ടത്തില്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് 80 ശതമാനം ശേഷിയിലും നാലാംഘട്ടത്തില്‍ നൂറു ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാനാകും. അടിയന്തര സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാം. എല്ലാ മുന്‍കരുതല്‍ ആവശ്യകതകളും നടപ്പാക്കിക്കൊണ്ട് 80 ശതമാനം ജീവനക്കാര്‍ക്ക് ഓഫീസുകളിലെത്തി ജോലി ചെയ്യാം.
നിയന്ത്രിത എണ്ണം പള്ളികളും ഈദ് ഗാഹുകളും
വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്കും ഈദ് നമസ്‌കാരത്തിനുമായി നിയന്ത്രിത എണ്ണം പള്ളികളും ഈദ് ഗാഹുകളും തുറക്കും. ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണം. വിശ്വാസികള്‍ നമസ്‌കാര പായയും ഖുര്‍ആനും കൊണ്ടുവരണം. അതല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണത്തിനായി ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കണം. 60വയസിനു മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവര്‍ തുടങ്ങിയവര്‍ വീടുകളില്‍തന്നെ പ്രാര്‍ഥന തുടരണം. ഹസ്തദാനം ഉള്‍പ്പടെ എല്ലാത്തരം ശാരീരിക സമ്പര്‍ക്കവും ഒഴിവാക്കണം.
സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിക്കും
മൂന്നാം ഘട്ടത്തില്‍ സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും 30 ശതമാനം ശേഷിയില്‍ തുറക്കാന്‍ അനുവദിക്കും. കര്‍ശനമായ ശുചിത്വ അണുവിമുക്തമാക്കല്‍ നടപടികള്‍ ഈ സ്ഥാപനങ്ങള്‍ പാലിക്കണം. ജീവനക്കാര്‍ മാസ്‌ക്കുകളും ഫെയ്സ് ഷീല്‍ഡുകളും ഗ്ലൗസുകളും ധരിച്ചിരിക്കണം. സ്ഥാപനം തുറക്കുന്നതിനു മുന്‍പ് എല്ലാ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാകണം. ശാരീരിക അകലവും തിരക്കും ഒഴിവാക്കാന്‍ അപ്പോയിന്റ്മെന്റുള്ള ഉപഭോക്താക്കള്‍ക്കു മാത്രമായിരിക്കണം പ്രവേശനം. സപ്തംബറില്‍ ആരംഭിക്കുന്ന നാലാംഘട്ടത്തില്‍ ശേഷി നൂറു ശതമാനമായി ഉയര്‍ത്താന്‍ കഴിയും.
സൂഖുകള്‍ക്ക് 75ശതമാനം ശേഷിയില്‍
ഷോപ്പിങ് മാളുകളും മൊത്തവ്യാപാരവിപണികളും സൂഖുകളും തുറക്കും. ഇതില്‍ മാളുകള്‍ തുടര്‍ന്നും 50ശതമാനം ശേഷിയിലായിരിക്കും പ്രവര്‍ത്തനം. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. സൂഖുകള്‍ക്ക് പരമാവധി 75ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. സൂഖുകളുടെ ശേഷിയുടെ കാര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ അപകടവിലയിരുത്തല്‍ അനുസരിച്ചായിരിക്കും നിര്‍ണയിക്കുക. മൊത്ത വിപണികള്‍ 30ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.
റസ്റ്റോറന്റുകള്‍
ഖത്തര്‍ ക്ലീന്‍ പ്രോഗ്രാമിന്റെ സര്‍ട്ടിഫിക്കേഷനും പ്രീരജിസ്ട്രേഷനുമുള്ള തിരഞ്ഞെടുത്ത റെസ്റ്റോറന്റുകള്‍ക്ക് 50ശതമാനംവരെ ശേഷിയില്‍ തുറന്നുപ്രവര്‍ത്തിക്കാം. ടേബിളുകള്‍ക്കിടയില്‍ രണ്ടുമീറ്റര്‍ അകലമുണ്ടായിരിക്കണം. ഒരു ടേബിളില്‍ പരമാവധി നാലുപേര്‍. ഒരേ കുടുംബത്തില്‍നിന്നാണെങ്കില്‍ ആറുപേര്‍. ഷോപ്പിങ് മാളുകളിലെ ഫുഡ്കോര്‍ട്ടുകള്‍ മൂന്നാംഘട്ടത്തിലും അടഞ്ഞുകിടക്കും.
ജിംനേഷ്യം, സ്വിമ്മിങ് പൂളുകള്‍
ജിംനേഷ്യം, ഔട്ട്ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്കുകള്‍ എന്നിവക്ക് 50ശതമാനം ശേഷിയില്‍ തുറക്കാം. ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, നീരാവിക്കുളികള്‍, സ്റ്റീം റൂമുകള്‍, ജക്കൂസികള്‍, മസാജ് സേവനങ്ങള്‍ എന്നിവ തുടര്‍ന്നും അടഞ്ഞുകിടക്കും. വാട്ടര്‍ ബോട്ടിലുകള്‍, ടവലുകള്‍, മറ്റ് വ്യക്തിഗത ഇനങ്ങള്‍ എന്നിവ പങ്കിടരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."