മറയൂരില്‍ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം, നിരവധി വീടുകള്‍ തകര്‍ന്നു
മറയൂര്‍: മറയൂര്‍ മേഖലയില്‍ വീശിയടിച്ച കൊടുങ്കാറ്റ് വ്യാപക നാശം വിതച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളും കാലിതൊഴുത്തും നശിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിരവധി പേരാണ് നിസഹായരായത്. ഇന്നലെ ഉച്ചക്ക് ഒരു മണി മുതല്‍ വീശിയടിച്ച കൊടുങ്കാറ്റ് മറയൂര്‍ മേഖലയെ വിറപ്പിച്ചു. മറയൂര്‍ ബാബുനഗര്‍, നാച്ചിവയല്‍, ചെറുവാട് ആദിവാസി കോളനി, പാമ്പന്‍മല എസ്റ്റേറ്റ് എന്നിവടങ്ങളിലാണ് വ്യാപക നാശം ഉണ്ടായത്. കൊടുങ്കാറ്റില്‍ നാശം നഷ്ടം സംഭവിച്ചവരില്‍ ഏറെയും ആദിവാസികളും പാവപെട്ടവരുമാണ്. മറയുര്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങളുടെ ഭൂരിഭാഗം ബോര്‍ഡുകളും വാട്ടര്‍ ടാങ്കുകളും നശിച്ചു. ഇത്രയും ശക്തമായി മറയൂര്‍ മേഖലയില്‍ കാറ്റ് അനുഭവപെട്ടിട്ടില്ലന്ന് ആദ്യകാല കുടിയേറ്റ കര്‍ഷകരും ആദിവാസി മൂപ്പന്മാരും ഒന്നടങ്കം പറയുന്നു.
മറയൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പില്‍ നിന്ന് കൂറ്റന്‍ യൂക്കാലി മരം കടപുഴകി സമീപത്തെ പൊലിസ് സ്റ്റേഷന്റെ മെസ് കെട്ടിടത്തിന് മുകളില്‍ പതിച്ചു. മരം സമീപത്തെ മതിലില്‍ തങ്ങി നിന്ന ശേഷം കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. നാച്ചിവയലില്‍ താമസികുന്ന ഈശ്വരന്റെ വീടിന്റെ സമീപത്ത് നിന്ന കൂറ്റന്‍ വേലാമരം ഒടിഞ്ഞ് വീണു. അപകട ഭീഷണിയെ തുടര്‍ന്ന് വനം വകുപ്പില്‍ വേലമരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും മരത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി വനം- റവന്യു വകൂപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മുറിച്ച് മാറ്റിയിരുന്നില്ല. പ്രദേശത്തെ നിരവധി കവുങ്ങുകളും വാഴയും നശിച്ചു. ആനക്കാല്‍ പെട്ടിയിലെ അംഗന്‍വാടി ഭാഗീകമായി തകര്‍ന്നു. രണ്ടാം ശനിയാഴ്ച ക്ലാസ് ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ആനക്കാല്‍പെട്ടിയില്‍ താമസിക്കുന്ന യുവരാജിന്റെ വീട് ഭാഗീകമായി തകര്‍ന്നു.
പള്ളനാട് വേല്‍മുരുകന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന വേല്‍മുരൂകന്റെ മക്കളായ മനീഷിന്റെ (6) തലയിലും ശരവണന്റെ (10) കാലിലും ഷീറ്റുകള്‍ പൊട്ടി വീണ് പരിക്കേറ്റു. സെന്റ്. മേരീസ് സ്‌കൂളിന്റെ മുകളില്‍ സ്ഥാപിച്ചിരൂന്ന അഞ്ചോളം സോളാര്‍ പാനലുകള്‍ പറന്ന് താഴെ വീണു നശിച്ചു.
കെട്ടിടത്തിന്റെ ഭൂരിഭാഗം ഓടുകളും കാറ്റില്‍ പറന്നു പോയി. കോടികളുടെ നഷ്ടമാണ് മറയൂര്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."