ജില്ലാതല ജനസമ്പര്‍ക്ക പരിപാടി: പറവൂരില്‍ തുടക്കമായി
കൊച്ചി: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയായ പരിഹാരം 2017- പറവൂരില്‍ തുടക്കമായി. താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച പരാതി പരിഹാര പരിപാടിയില്‍ 420 പരാതികളാണു പരിഗണിച്ചത്. ഇതില്‍ 232 പരാതികള്‍ ഓണ്‍ലൈനായി നേരത്തെ ലഭിച്ചവയാണ്. ഇവയില്‍ 139 എണ്ണം തീര്‍പ്പാക്കി. 188 പരാതികളാണ് ജനസമ്പര്‍ക്കവേദിയായ പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിലെ കൗണ്ടറുകളില്‍ ലഭിച്ചത്. ഇവ നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ചു തുടര്‍നടപടികള്‍ നിര്‍ദേശിച്ചത്.
ഓണ്‍ലൈനില്‍ എറ്റവും കൂടുതല്‍ പരാതി ലഭിച്ചതു പറവൂര്‍ താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് 129. താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട് 105 പരാതികളും ഓണ്‍ലൈനില്‍ ലഭിച്ചു. സാമൂഹ്യക്ഷേമം, സഹകരണം, വാഹനഗതാഗതം, ജലഅതോറിറ്റി, തദ്ദേശഭരണസ്ഥാപനങ്ങള്‍, സര്‍വേ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ജനസമ്പര്‍ക്ക പരിപാടിയില്‍ അധികൃതറുടെ പരിഗണനയ്‌ക്കെത്തി.
ഭൂമി, ഭവന നിര്‍മാണം, പട്ടയം, വായ്പാപലിശയിളവ് എന്നിവ സംബന്ധിച്ച അപേക്ഷകളായിരുന്നു ലഭിച്ചവയില്‍ നല്ലൊരു പങ്കും. ഭവനിര്‍മാണം സംബന്ധിച്ച അപേക്ഷകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത ആരായാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. പട്ടയം അപേക്ഷകളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സാമ്പത്തികസഹായത്തിനായുള്ള അപേക്ഷകള്‍ പരിഹാരം2017ല്‍ പരിഗണിക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഈ വിഭാഗത്തിലും അപേക്ഷകരുണ്ടായിരുന്നു. ദുരിതാശ്വാസനിധിയിലേയ്ക്ക് 13 അപേക്ഷകളാണ് ലഭിച്ചത്.
ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള പരിഹാരം 2017 ഉദ്ഘാടനം ചെയ്തു. ഇ ഗവേണന്‍സിന്റെ ഭാഗമായുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ ഭാവിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനും അവയുടെ പുരോഗതിയറിയാനും പൊതുജനങ്ങള്‍ക്ക് കഴിയുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും തീരുമാനമെടുക്കാനായി നേരത്തെ രണ്ടു ഫയല്‍ അദാലത്തുകള്‍ ജില്ലയില്‍ നടത്തിയിരുന്നു. സര്‍വേ വകുപ്പുമായി ബന്ധപ്പെട്ട 3000 പരാതികളില്‍ പകുതിയിലധികം ഫയല്‍ അദാലത്തില്‍ തീര്‍പ്പാക്കിയിരുന്നു. ബാക്കി പരാതികളും മറ്റു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും ഉടന്‍ തീര്‍പ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.കെ.പ്രകാശ് അധ്യക്ഷനായിരുന്നു. ഡെപ്യുട്ടി കലക്ടര്‍മാരായ കെ.കെ സിദ്ധാര്‍ത്ഥന്‍, കെ.ബി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."