സാമൂഹ്യ വിരുദ്ധരുടെയും മദ്യപരുടെയും താവളമായി ഹരിപ്പാട് നഗരത്തിലെ ഇ-ടോയ്‌ലറ്റ്
ഹരിപ്പാട്: നഗരത്തിലെ ഇ-ടോയ്‌ലറ്റ് രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെയും മദ്യപരുടെയും താവളമാകുന്നതായി പരാതി. പലപ്പോഴും രാവിലെ ടെക്‌നീഷ്യന്‍മാര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കാണപ്പെടാറുണ്ട്. ഇ-ടോയ്‌ലറ്റിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതാണ് സാമൂഹിക വിരുദ്ധശല്യം വര്‍ധിക്കാന്‍ കാരണം.
ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഇവിടം ഇരുട്ടിലാണ്. ഇത് കാരണം രാത്രികാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ ബുദ്ധിമുട്ടാണ്. പകല്‍ സമയങ്ങളില്‍ സമീപമുള്ള കച്ചവടക്കാര്‍ ശ്രദ്ധിക്കുമെന്നതിനാല്‍ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടാകാറില്ല. രാത്രികാലങ്ങളില്‍ കടകളെല്ലാം അടച്ചു കഴിയുന്നതോടെ ഇവിടം വിജനമാകും.
ഇ-ടോയ്‌ലറ്റിന്റെ നാണയം ശേഖരിച്ചിരിക്കുന്ന ക്യാബിന്‍ കുത്തിപ്പൊളിച്ച് പണം അപഹരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇ-ടോയ്‌ലറ്റിന്റെ മുകള്‍ ഭാഗത്തെ തകിട് ദ്രവിച്ചിരിക്കുന്നതിനാല്‍ മഴ പെയ്യുമ്പോള്‍ ചെറിയ രീതിയില്‍ ചോര്‍ച്ചയുണ്ട്. നഗരത്തിലെത്തുന്ന പൊതുജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഏക സംവിധാനമാണ് നഗരസഭാ ഓഫിസിന് സമീപമുള്ള ഇ-ടോയ്‌ലറ്റ്. നഗരത്തിലെ കച്ചവടക്കാരുടെ ഏക ആശ്രയവും നഗരസഭാ ഓഫിസിനു സമീപമുള്ള ഇ-ടോയ്‌ലറ്റ് ആണ്. ടോയ്‌ലറ്റുകളുടെ പരിസരം വൃത്തിയാക്കുകയും രാത്രികാലങ്ങളില്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."