കോതമംഗലം താലൂക്ക് ആശുപത്രി അംഗീകൃത നിലവാരത്തിലേക്ക് എം.എല്‍.എ
കോതമംഗലം: താലൂക്ക് ആശുപത്രിയെ അംഗീകൃത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ. ആശുപത്രിയില്‍ മികച്ച സൗകര്യമൊരുക്കിയും, ആവശ്യമായ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചുമാണ് താലൂക്ക് ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് താലൂക്ക് ആശുപത്രിയുടെ നിലവാരം ഉയര്‍ത്തുന്നത്. എറണാകുളം ജില്ലയില്‍ കൊച്ചി, കോതമംഗലം എന്നീ രണ്ട് താലൂക്ക് ആശുപത്രികളാണ് ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍, ആരോഗ്യ ഡയറക്ടര്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു.
മധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാദികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് രോഗികള്‍ നിത്യേന ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഓ.പി രോഗീ സൗഹൃദമാകും.
ആശുപത്രിക്ക് പുതിയ ചുറ്റുമതിലും,പ്രവേശന കവാടവും നിര്‍മിക്കും. ആദിവാസികളടക്കം നൂറ് കണക്കിന് രോഗികള്‍ നിത്യേന ആശ്രയിക്കുന്ന ആശുപത്രിയുടെ ഓ പി ബ്ലോക്കില്‍ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിനു പരിഹാരമായി നിലവിലുള്ള ഓ.പി പുതുക്കി നിര്‍മിക്കും.നിലവിലുള്ള ഓ പി ടൈല്‍ വിരിച്ച് പെയിന്റ് ചെയ്ത് മനോഹരമാക്കും.ഫാര്‍മസിയും,ലാബും എ സി സൗകര്യം ഏര്‍പ്പെടുത്തും.
ലാബ് സെന്ററുകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുന്ന തരത്തിലാക്കും. ഓ.പിയിലും, ഫാര്‍മസിയിലും എത്തുന്നവര്‍ക്ക് വിശ്രമമുറിയില്‍ കുടിവെള്ളവും, ടി.വി അടക്കമുള്ള വിനോദ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രി നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഡയാലിസിസ് യൂനിറ്റും, ക്യാഷ്വാലിറ്റിയും അടങ്ങുന്ന പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള തുക പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയതായും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കോതമംഗലം താലൂക്ക് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."