ഹെപ്പറ്റൈറ്റിസ് നിര്‍മാര്‍ജനത്തിനായി ഒരുമിക്കാം
മഞ്ഞപ്പിത്തമുണ്ടാക്കുന്ന വൈറസുകളെക്കുറിച്ചുള്ള അവബോധവും പ്രതിരോധമാര്‍ഗ്ഗങ്ങളും ചികിത്സയും ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) വര്‍ഷംതോറും ജൂലൈ 28 ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. മഞ്ഞപ്പിത്തമുണ്ടാക്കുന്ന വൈറസുകള്‍ മൂലമുണ്ടാകുന്ന കരള്‍വീക്കം, അഥവാ ക്രോണിക് ഹെപ്പറ്റൈറ്റിസ് ഇല്ലാത്ത ഒരു ഭാവിയിലേയ്ക്ക് ഊന്നല്‍ നല്‍കിയാണ് ഡബ്ല്യു.എച്ച്.ഒ ഈ വര്‍ഷം ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ മുദ്രാവാക്യമായി 'ഹെപ്പറ്റൈറ്റിസ് ഫ്രീ ഫ്യുച്ചര്‍' എന്ന പ്രമേയം തെരഞ്ഞെടുത്തിരിക്കുന്നത്.
മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ അഞ്ചു തരം വൈറസുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതില്‍ ഹെപ്പറ്റെറ്റിസ് എയും, ഇയും മലിനമായ ഭക്ഷണപാനീയങ്ങളിലൂടെ പകരുന്ന രണ്ട് മഞ്ഞപ്പിത്തങ്ങളാണ്. ഇവ മൂലം അണുബാധയുണ്ടായാല്‍ പനി, ഛര്‍ദ്ദി, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം മുതലായ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും മൂന്ന് മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ട് 99 ശതമാനം ആളുകളിലും പൂര്‍ണമായും രോഗം സുഖപ്പെടുകയും ചെയ്യുന്നു.
എന്നാല്‍, ഹെപ്പറ്റെറ്റിസ് ബിയും സിയും അത്ര നിസാരക്കാരല്ല. രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും പകരുന്ന ഈ വൈറസുകള്‍ ശരീരത്തില്‍ മാറാതെ കിടന്ന് കരള്‍വീക്കം എന്ന അവസ്ഥയായി മാറുകയും കാലക്രമേണ കരളിനെ കാര്‍ന്നു തിന്ന് സിറോസിസ്, കരളിലെ കാന്‍സര്‍ മുതലായ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഈ രണ്ട് വൈറസുകളുടെയും മറ്റൊരു പ്രത്യേകത ഇവ മൂലം അണുബാധയുണ്ടാകുന്ന രോഗികളില്‍ തുടക്കത്തില്‍ യാതൊരു രോഗലക്ഷണവും ഉണ്ടാകാറില്ല എന്നതാണ്. പനി, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഹെപ്പറ്റൈറ്റിസ് എ ആയിരിക്കും എന്ന് കരുതി പരിശോധനകള്‍ നടത്താതെ ഒറ്റമൂലിയും പച്ചമരുന്നുകളും കഴിച്ച് രോഗം നിസാരവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ആറ് മുതല്‍ എട്ട് ആഴ്ചകള്‍കൊണ്ട് ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗലക്ഷണങ്ങള്‍ പൂര്‍ണമായി മാറുന്നതിനാലും പരിശോധനയില്‍ കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുന്നതിനാലും അസുഖം ഭേദമായെന്ന് കരുതും. പക്ഷേ അതിനുശേഷം ഈ വൈറസുകള്‍ ശരീരത്തില്‍ പെരുകുന്നു. രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ, ശരീരത്തില്‍ വര്‍ഷങ്ങളോളം നിലകൊള്ളുന്നതിനാല്‍ സങ്കീര്‍ണമായ രോഗാവസ്ഥയില്‍ എത്തിപ്പെടുമ്പോള്‍ മാത്രമേ, നമുക്ക് അസുഖം തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. അപ്പോഴേക്കും അസുഖത്തെ ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടം കഴിഞ്ഞിട്ടുമുണ്ടാകും.
ഹെപ്പറ്റെറ്റിസ് തടയാനായി നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത് ഇത്രമാത്രം. രക്തത്തില്‍ ഒആഅെഴ, അിശേ ഒഇഢ എന്നീ പരിശോധനകള്‍ നടത്തി വൈറസുകള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ ഡോക്ടറെ സമീപിക്കുകയും കൃത്യമായ ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്യുക. അണുബാധ ഇല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് ബിക്ക് എതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക. ഹെപ്പറ്റൈറ്റിസ് സിക്ക് പ്രതിരോധ കുത്തിവയ്പ്പ് ഇതുവരെ ലഭ്യമായിട്ടില്ല.
വൈറസ് ബാധയുള്ളവരുടെ രക്തവും ശരീരസ്രവങ്ങളും നമ്മുടെ രക്തവുമായോ വായ്, മൂക്ക്, കണ്ണ് മുതലായ അവയവങ്ങളിലുള്ള ശ്ലേഷ്മ പാളികളുമായോ സമ്പര്‍ക്കം ഉണ്ടാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കി ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി രോഗങ്ങള്‍ വരാതെ പ്രതിരോധിക്കാം. ഹെപ്പറ്റൈറ്റിസ് ബി അണുബാധയുള്ള രോഗികളില്‍ മാത്രമേ ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് അണുബാധയുണ്ടാക്കാന്‍ സാധിക്കൂ. അതിനാല്‍ ഹെപ്പറ്റൈറ്റിസ് ബിക്ക് എതിരേയുള്ള കുത്തിവയ്പ്പും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും മതി ഹെപ്പറ്റൈറ്റിസ് ഡിയെ പ്രതിരോധിക്കാന്‍.എളുപ്പത്തിലുള്ള രോഗനിര്‍ണയവും പ്രതിരോധ മാര്‍ഗങ്ങളും കൃത്യമായ ചികിത്സകളും കൊണ്ട് ഫലപ്രദമായി നേരിടാന്‍ സാധിക്കുന്ന ഒന്നാണ് കരള്‍ വീക്കം, അഥവാ ഹെപ്പറ്റൈറ്റിസ്. വ്യക്തി, സാമൂഹിക ഭരണതലങ്ങളിലുള്ള ഏകോപനവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും കൊണ്ട് 2030 ഓടെ കരള്‍വീക്കം ഉണ്ടാക്കുന്ന വൈറസുകളെ ലോകത്തുനിന്ന് മുഴുവനായും നിര്‍മാര്‍ജനം ചെയ്യുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തോട് നമുക്കും ചേര്‍ന്നുപ്രവര്‍ത്തിക്കാം.
(സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്, മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."