മുദ്രമോതിരം
ഒരിടത്ത് ഒരു ആണ്‍കിളിയും പെണ്‍കിളിയും ഉണ്ടായിരുന്നു. അവര്‍ പ്രണയബദ്ധരായിരുന്നു. അന്യോന്യമുള്ള കടുത്ത പ്രണയം അവരെ പലപ്പോഴും ഉന്‍മാദ ചിത്തരാക്കാറുണ്ട്. ജീവിത സാഹചര്യങ്ങള്‍ കാരണം അവര്‍ക്കു തമ്മില്‍ കാണാനും പ്രണയം പങ്കുവയ്ക്കാനും അവസരങ്ങള്‍ കുറവായിരുന്നു. എങ്കിലും കണ്ടുമുട്ടുമ്പോഴൊക്കെ കൊക്കുരുമ്മിയും മാറോടണച്ചുമൊക്കെ അവര്‍ പരസ്പരം സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കുമായിരുന്നു.
പ്രിയപ്പെട്ടവന്റെ സ്‌നേഹപ്രകടനങ്ങളില്‍ മതിമറന്നിരിക്കുമ്പോള്‍ ആ പെണ്‍കിളി അവന്റെ ചെവിയില്‍ പതുക്കെ പറയും:
''എന്റെ സിരകളെ ത്രസിപ്പിക്കുന്ന ലഹരിയാണു നിന്റെ പ്രണയം. അതെന്റെ ചുണ്ടുകളില്‍ അഗ്നി പടര്‍ത്തുന്നു. ഈ ഭൂമിയില്‍ നമ്മള്‍ രണ്ടുപേരും മാത്രമായിരുന്നെങ്കില്‍ എന്നുമെനിക്ക് ഈ പ്രണയസാഗരത്തില്‍ ആറാടാമായിരുന്നു.''
''അടുത്ത മഴക്കാലം വരട്ടെ. അപ്പോള്‍ നമുക്ക് ഒന്നുചേര്‍ന്നു മതിവരുവോളം പ്രണയിക്കാം. ഒരുമിച്ചു മഴ നനയാം. ഇടിമിന്നല്‍ നിന്നെ ഭയപ്പെടുത്തുമ്പോള്‍ ഞാന്‍ നിന്നെ മാറോടു ചേര്‍ത്തു പുണരാം. മഴ പെയ്തു തോര്‍ന്നാല്‍ നമുക്കു ചിറകുകള്‍ ഒന്നാക്കി കുന്നിന്‍മുകളിലേക്കു പറക്കാം. മഴവില്ലിന്റെ ഭംഗി ആസ്വദിക്കാം.''
അവന്റെ വാക്കുകള്‍ അവളെ പുളകിതയാക്കി. അങ്ങനെ അവള്‍ മഴക്കാലത്തിനു വേണ്ടി കാത്തിരുന്നു. വരാന്‍ പോകുന്ന പ്രണയം നിറഞ്ഞ ദിനങ്ങളെ കുറിച്ച് ഒരുപാട് വര്‍ണസ്വപ്നങ്ങള്‍ നെയ്തുകൂട്ടി. കാത്തുകാത്തിരുന്ന് ഒടുവില്‍ മഴക്കാലം വന്നപ്പോള്‍ അവള്‍ ആഹ്ലാദത്തോടെ അവന്റെ ചിറകടിയൊച്ച കാതോര്‍ത്തിരുന്നു. പക്ഷേ അപ്പോഴേക്കും കാലം അവനില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. കോരിച്ചൊരിയുന്ന മഴയില്‍ തണുത്തുവിറച്ചു തനിച്ചിരിക്കുന്ന പെണ്‍കിളിയെ കാണാന്‍ ആ ആണ്‍കിളി ഒരിക്കല്‍ പോലും വന്നില്ല. കാരണം അവന്റെ ചുറ്റും ഒരുപാടു പെണ്‍കിളികളുണ്ടായിരുന്നു. അവനെ കാണാതെ അവള്‍ വിരഹാര്‍ദ്രയായി കരഞ്ഞുകൊണ്ടിരുന്നു. സങ്കടം സഹിക്കാനാവാത്ത ഒരു ദിവസം അവള്‍ അവനെ കാണാനായി പുറപ്പെട്ടു.
''ആരാണ് നീ? മുന്‍പ് കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ.. '' അവളെ കണ്ടപ്പോള്‍ അവന്‍ അപരിചിതത്വം ഭാവിച്ചു.
അവള്‍ ഒന്നും മിണ്ടാതെ പിന്‍വാങ്ങി. പ്രണയസമ്മാനമായി അവനവള്‍ക്കു നല്‍കിയ മുദ്രമോതിരം കറുത്തുപോയിരുന്നു.
അവനോടൊപ്പം പറന്നുല്ലസിച്ചതിന്റെ തെളിവുകളുമായി അവന്‍ വിഷംചീറ്റുന്ന പാമ്പായി പരിണമിച്ചതു കണ്ട് ഉറക്കം നഷ്ടപ്പെട്ട രാത്രികളുമായ് അവള്‍ ഇന്നും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."