സമൃദ്ധിയോടെ ചുവടുറപ്പിച്ച് ചകിരി സംസ്കരണ യൂനിറ്റ്
തളിപ്പറമ്പ്: ചെറുകിട സംരംഭങ്ങള്‍ക്ക് മാതൃകയായി പരിയാരം അമ്മാനപ്പാറയിലെ ചകിരി സംസ്കരണ യൂനിറ്റ്. തളിപ്പറമ്പ് മണ്ഡലത്തിലെ സ്വയംസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജയിംസ് മാത്യു എം.എല്‍.എ ആവിഷ്കരിച്ച സമൃദ്ധി പദ്ധതിയുടെ ആദ്യ സംരംഭം വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. തൊഴില്‍രഹിതരായ ആറു വീട്ടമ്മമാരാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇവിടെ യന്ത്രവത്കൃത ചകിരി സംസ്കരണ യൂനിറ്റ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ മിനി വ്യവസായ എസ്റ്റേറ്റിന് കീഴിലുള്ള സ്ഥലമാണ് ഇതിനായി നല്‍കിയത്. ഇപ്പോള്‍ 4,000 ചകിരി തൊണ്ടുകള്‍ യൂനിറ്റില്‍ പ്രതിദിനം സംസ്കരിക്കുന്നുണ്ട്. കൂടാതെ ആറ് വീട്ടമ്മമാര്‍ക്ക് 300 രൂപ ദിവസവേതനം ഉറപ്പാക്കാനും സാധിച്ചു. സമൃദ്ധിയിലൂടെ ഒരു സംരംഭം വളര്‍ത്തിയെടുക്കാനും അതുവഴി വീട്ടമ്മമാര്‍ക്ക് തൊഴില്‍ നല്‍കാനും കഴിഞ്ഞെന്ന് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് പറഞ്ഞു. കുറ്റ്യേരി സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് രണ്ടുലക്ഷം രൂപ വായ്പയെടുത്താണ് സംരംഭം തുടങ്ങിയത്. കയര്‍ വികസന വകുപ്പ് 12 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ സൗജന്യമായും നല്കി. വെറും 13 ദിവസം കൊണ്ടാണ് യൂനിറ്റ് ആരംഭിച്ചത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലാഭകരമായി മുന്നേറുന്ന സംരംഭം സമൃദ്ധി പദ്ധതിക്കും ചെറുകിട സംരംഭങ്ങള്‍ക്കും മാതൃകയാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."