മരിച്ച വ്യക്തിയോട് അനാദരവ് കാട്ടുന്നത് സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ച വ്യക്തിയോട് അനാദരവ് കാട്ടുന്നത് സംസ്‌കാരമുള്ള സമൂഹത്തിനു യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ ദുരിതകാലത്ത് സ്‌നേഹത്തിന്റെയും കരുതലിന്റെയും എത്രയോ നന്മകള്‍ കണ്ടു. ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പി.പി.ഇ കിറ്റും ധരിച്ച് പ്രവര്‍ത്തനം നടത്തുന്ന ജനപ്രതിനിധികളും യുവജന സംഘടനാ പ്രവര്‍ത്തകരുമുണ്ട്. അതിന്റെയെല്ലാം ശോഭ കെടുത്തുന്ന തരത്തിലായി ഈ സംഭവം.
കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കു പകരുന്നത് രോഗബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേക്കു തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണ്. മൃതദേഹത്തില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. ഏതാണ്ടില്ല എന്നുതന്നെ പറയാം. മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്ന രോഗബാധയുടെ വളരെ നേരിയ സാധ്യത മാത്രമാണുള്ളത്.
വൈദ്യുത ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെല്‍ഷ്യസ് വരെ വരുന്ന വളരെ ഉയര്‍ന്ന താപനിലയിലായതിനാല്‍ വൈറസ് വായു വഴി പകരാന്‍ യാതൊരു സാധ്യതയുമില്ല. യുക്തിക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകള്‍. യഥാര്‍ഥത്തിലുള്ള പ്രശ്‌നം ഇത്തരം സന്ദര്‍ഭങ്ങളിലുണ്ടാകുന്ന ആള്‍ക്കൂട്ടമാണ്. അവിടെ കൂടുന്നവരില്‍ രോഗവ്യാപനമുണ്ടാകാം.
ഇതു സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. അക്കാര്യമാണ് ശ്രദ്ധിക്കേണ്ടത്. അവിടെയാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരേണ്ടത്.
അല്ലാതെ ആരെങ്കിലുമുണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹങ്ങളുടെ സംസ്‌കാരം തടയാന്‍ കൂട്ടംകൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടംകൂടുന്നതാണ് അപകടം. അതിനു നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലുമുണ്ടായി എന്നത് അപമാനകരമാണെന്നും ആ കേസില്‍ ശക്തമായി ഇടപെടാന്‍ പൊലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."