ഇടതുപക്ഷത്തെ ഒരുമിപ്പിക്കുന്നതില്‍ സി.പി.എം പരാജയം: ജി. ദേവരാജന്‍
മലപ്പുറം: ഇടതുപക്ഷത്തെ ഒരുമിച്ചുനിര്‍ത്തുന്നതില്‍ സി.പി.എം പരാജയമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. മലപ്പുറം പ്രസ്ക്ലബില്‍ നടന്ന മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കൂട്ടായ്മ രൂപപ്പെട്ടുവരാത്തതിനാലാണ് പല സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരുന്നത്. പ്രക്ഷോഭ പരിപാടികള്‍ നടത്തുമ്പോള്‍ ഇടതുപക്ഷ ഐക്യം രൂപപ്പെടുമെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സി.പി.എം സീറ്റിനായി വിലപേശല്‍ നടത്തും. ജനാധിപത്യം ഇന്ന് പണാധിപത്യമായിരിക്കുകയാണ്. ഭരണഘടനയെ അട്ടിമറിക്കുന്ന പ്രവൃത്തിയാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്.
കേരളത്തില്‍ ഇടതുപക്ഷം വെറും കമ്മ്യൂണിസ്റ്റ് മുന്നണിയായി മാറിയിരിക്കുകയാണ്. ചെറുതാണെങ്കിലും കൂടുതല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്ളത് ഇന്ന് യു.ഡി.എഫിലാണ്. പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഇന്ത്യയില്‍ ആദ്യമായി മസാല ബോണ്ട് ഇറക്കി വായ്പയെടുത്തിട്ടുള്ളത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. മസാല ബോണ്ട് മറ്റൊരു ലാവ്ലിന് അഴിമതിയാണ്. ഇതില്‍ അന്വേഷണം വേണം. സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് സൃഷ്ടിക്കുക. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഉചിതമായ തീരുമാനമാണ്. ഫാസിസത്തിനെതിരേ പോരാട്ടം നടത്തുമെന്ന് പറയുന്ന എല്‍.ഡി.എഫ് വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."