ഗെയില്‍ വാതക പൈപ്പ് ലൈന്‍; കുമ്മങ്കോട്ട് സര്‍വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു
നാദാപുരം: ജനവാസ കേന്ദ്രങ്ങളില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ജനരോഷം നിലനില്‍ക്കെ സര്‍വേ നടപടികള്‍ക്കായെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു.
ഇന്നലെ രാവിലെ 11ഓടെയാണ് പൊലിസിന്റെ അകമ്പടിയോടെ സര്‍വേ സംഘം കുമ്മങ്കോട് അഹമ്മദ് മുക്കില്‍ എത്തിയത്. സര്‍വേ നടക്കുന്ന വിവരം അറിഞ്ഞതോടെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു പേര്‍ സ്ഥലത്തെത്തി സര്‍വേ തടയുകയായിരുന്നു.
ഇവരെ പിന്തിരിപ്പിക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ, മുന്‍ പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഡിവൈ.എസ്.പി കെ. ഇസ്മായില്‍ എന്നിവരും സ്ഥലത്തെത്തി. നാട്ടുകാരുമായി ഇവര്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പൈപ്പ് ലൈന്‍ സംബന്ധിച്ച് പ്രദേശവാസികളില്‍ നിലനില്‍ക്കുന്ന ആശങ്ക അകറ്റിയ ശേഷം നടപടികള്‍ തുടരാനും തീരുമാനമായി.
സമരസമിതി ഭാരവാഹികളായ പി. മുനീര്‍ മാസ്റ്റര്‍, ഏരത്ത് അബൂബക്കര്‍ ഹാജി, ഇ.എം അബ്ദുല്ല, റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."