സഹകരണ സ്ഥാപനങ്ങള്‍ ഇടപാടുകാരെ കൊള്ളയടിക്കുന്നു
കൊല്ലം: സംസ്ഥാനത്തെ ഒരുവിഭാഗം സഹകരണ ബാങ്കുകളും സംഘങ്ങളും പലിശ കൂടുതലുള്ള വായ്പകള്‍ ഇടപാടുകാരില്‍ അടിച്ചേല്‍പ്പിക്കുന്നതായി പരാതി. കൂടാതെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും നിയമാനുസൃതം ലഭിക്കേണ്ട പലിശ ഇളവുകളും അട്ടിമറിക്കുകയാണ്.
പലിശ സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാറുടെ സര്‍ക്കുലറിനു വിരുദ്ധമായാണ് പല സഹകരണബാങ്കുകളും വായ്പ നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂണിലിറങ്ങിയ സര്‍ക്കുലര്‍പ്രകാരം എല്ലാത്തരം വായ്പകളുടെയും പലിശ പുതുക്കിനിശ്ചയിച്ചിരുന്നു.
വിവാഹവായ്പയ്ക്കു പുതുക്കിയ നിരക്കനുസരിച്ച് പതിനൊന്നും ചികിത്സാ വായ്പകള്‍ക്കു പന്ത്രണ്ടും ശതമാനമാണ് പലിശ. വീട് അറ്റകുറ്റപ്പണിക്കു സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളില്‍(ഒരുലക്ഷം രൂപ വരെ) 10.5 ശതമാനവും പ്രാഥമിക ബാങ്കുകളില്‍ 11 ശതമാനവുമാണ് പലിശ. രണ്ടുലക്ഷം രൂപയ്ക്കു മുകളില്‍ സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളില്‍ പതിനൊന്നും പ്രാഥമിക ബാങ്കുകളില്‍ പന്ത്രണ്ടും ശതമാനവുമാണ് പലിശ.
കണ്‍സ്യൂമര്‍ വായ്പയ്ക്കു സംസ്ഥാന ബാങ്കില്‍ പന്ത്രണ്ടും ജില്ലാബാങ്കില്‍ 12.5 ശതമാനവും പ്രാഥമിക ബാങ്കുകളില്‍ 13 ശതമാനവുമാണ് പലിശ ഈടാക്കേണ്ടത്. എന്നാല്‍, ഇതൊന്നും പാലിക്കാതെ ഏറ്റവും കൂടുതല്‍ പലിശയുള്ള വായ്പകളാണ് പല ബാങ്കുകളും ഇടപാടുകാര്‍ക്കുനല്‍കുന്നത്.
ഭൂമി വാങ്ങല്‍, വ്യവസായങ്ങള്‍ തുടങ്ങല്‍ തുടങ്ങിയ വായ്പകള്‍ക്കു 13.5 ശതമാനമാണ് പലിശയെങ്കില്‍ സ്വയംതൊഴില്‍ വായ്പയ്ക്കു 11.5 ശതമാനമാണ് പലിശ. വിദ്യാഭ്യാസ വായ്പയ്ക്ക് 12.5ഉം കുടുംബശ്രീ വായ്പയ്ക്ക് ഒന്‍പതു ശതമാനവും മംഗല്യസൂത്ര വായ്പയ്ക്ക് അഞ്ചും സ്വര്‍ണപ്പണയ വായ്പയ്ക്ക് 11.5 ശതമാനവുമാണ് പലിശനിരക്ക്.
കാര്‍ഷിക അനുബന്ധ ആവശ്യങ്ങള്‍ക്കുള്ള വായ്പയ്ക്കുള്ള പലിശ 10.5 ശതമാനമാണ്്. അപേക്ഷകന്റെ പലിശനിരക്കിലെ അറിവില്ലായ്മയാണു പല ബാങ്കുകളും മുതലെടുക്കുന്നത്.
എന്നാല്‍ ചില ബാങ്കുകളാകട്ടെ കാര്‍ഷിക വായ്പ ഒഴിച്ചുള്ളവയെല്ലാം 13.5 ശതമാനം പലിശയുള്ള വായ്പയില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത്.
എന്നാല്‍, സഹകരണവകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വായ്പക്കാരന് അധികം ഈടാക്കിയ തുക തിരികെ നല്‍കണമെന്നു നിര്‍ദേശിക്കാറുണ്ടെങ്കിലും ഈ തുക ബാങ്കുകാര്‍ നല്‍കാറില്ലെന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."