ഹാജിമാരുടെ വരവ് തുടരുന്നു; ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനം തുടങ്ങി
മദീന : ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന വിദേശ ഹാജിമാരുടെ വരവ് തുടരുന്നു. ഇന്ത്യക്കു പുറമെ കൂടുതല്‍ ഹാജിമാരെത്തുന്ന ഇന്തോനേഷ്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരാണ് എത്തി തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ എത്തി തുടങ്ങും. വ്യോമ മാര്‍ഗമുള്ള ഹാജിമാരാണ് എത്തി തുടങ്ങിയത്. ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള ജലഗതാഗതം വഴിയുള്ള ഹാജിമാരും വരും ദിവസങ്ങളില്‍ എത്തിത്തുടങ്ങും. റോഡ് മാര്‍ഗ്ഗം എത്തിച്ചേരാനുള്ള ഹാജിമാര്‍ സഊദിയുടെ പരിസര രാജ്യങ്ങളിലാണെന്നതിനാല്‍ ഏതാനും ദിവസം കഴിഞ്ഞേ ഇവരുടെ സഊദി യാത്ര തുടങ്ങുകയുള്ളൂ.
ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ എണ്ണം രണ്ടു ദിവസത്തിനുള്ളില്‍ അയ്യായിരത്തോടടുത്തു. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളായ ന്യൂഡല്‍ഹിക്ക് പുറമെ ഗയ, ഗുവാഹട്ടി, വാരണാസി, ശ്രീനഗര്‍, ലക്നോ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ സംഘവും എത്തിത്തുടങ്ങി. മദീനയിലെത്തിയ ഹാജിമാര്‍ വിശ്രമവും കഴിഞ്ഞു മദീന സന്ദര്‍ശനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നാല്പത് വഖ്ത് നിസ്കാരം എന്ന നിലയില്‍ മദീനയില്‍ എട്ടു ദിവസം ചിലവഴിച്ച ശേഷമായിരിക്കും സംഘത്തിലെ ആദ്യമെത്തിയവര്‍ ക്രമേണ മക്കയിലേക്ക് യാത്ര തിരിക്കുക. അതിനു മുന്‍പ് തന്നെ ഇവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും.
ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നും ഇരുപത് ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് വിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനായി എത്തിച്ചേരുക. 175025 ഹാജിമാരാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ 128072 പേര് ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴിയും 46323 പേര് സ്വകാര്യ ഹജ്ജ് കമ്മിറ്റി മുഖേനയുമാണ് എത്തുക. സംഘര്‍ഷവും ആഭ്യന്തര യുദ്ധവും രൂക്ഷമായ സിറിയയില്‍ നിന്നും 18,000 ഹാജിമാരും ഇറാനില്‍ നിന്നും 85,000 ഓളം ഹാജിമാരുമാണ് എത്തുകയെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ ഹാജിമാര്‍ സഊദിയില്‍ പ്രവേശിക്കേണ്ട സമയം ദുല്‍ഹജ്ജ് ആറ് ആണ്. ഹജ്ജിനു ശേഷം ദുല്‍ഹജ്ജ് 14 നു ശേഷം ഹാജിമാരുടെ മടക്ക യാത്രയും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."