എയ്ഡഡ് അധ്യാപകര്‍ക്ക് സംരക്ഷണം 'സര്‍ക്കാര്‍' വിദ്യാലയങ്ങളില്‍
ചെറുവത്തൂര്‍: കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് തസ്തിക നഷ്ടമായ എയ്ഡഡ് അധ്യാപകര്‍ക്ക് സംരക്ഷണം 'സര്‍ക്കാര്‍'വിദ്യാലയങ്ങളില്‍. എയ്ഡഡ് വിദ്യാലയങ്ങളില്‍ സംരക്ഷിതാധ്യാപകരെ പുനര്‍വിന്യസിക്കുന്നതിന് ഹൈക്കോടതി താല്‍ക്കാലിക വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി.
അധിക തസ്തികകളിലെ നിയമനങ്ങളില്‍ ഒരധ്യാപകനെ മാനേജര്‍മാര്‍ നിയമിക്കുമ്പോള്‍ അടുത്ത ഒഴിവ് സര്‍ക്കാരിന് നല്‍കണമെന്ന വ്യവസ്ഥയാണ് മാനേജര്‍മാര്‍ ചോദ്യം ചെയ്യുന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മാനേജര്‍മാര്‍ നിയമിച്ച അധ്യാപകര്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സംരക്ഷണം നല്‍കേണ്ട അവസ്ഥ വന്നുചേരുകയായിരുന്നു. ഇതിനിടയില്‍ 1:1 അനുപാതം പാലിക്കാന്‍ മാനേജര്‍ തയാറായ വിദ്യാലയങ്ങളിലും നിലവില്‍ സംരക്ഷിത അധ്യാപകരെ നല്‍കിയിട്ടില്ല.
പി.എസ്.സി ലിസ്റ്റ് നിലവിലില്ലാത്ത ജില്ലകളിലെ ഒഴിവുകളിലും പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ ഒഴിവുകളിലും(സര്‍ക്കാരിനൊപ്പം ചില എയ്ഡഡ് വിദ്യാലയങ്ങളിലും), പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് പദ്ധതി നിര്‍വഹണ ചുമതല നല്‍കിയിട്ടുള്ള സ്‌കൂളുകളില്‍ അവരുടെ ക്ലാസ് കൈകാര്യം ചെയ്യാനുമാണ് ഇപ്പോള്‍ പുനര്‍വിന്യാസം നടത്തിയിരിക്കുന്നത്. പി. എസ്.സി ലിസ്റ്റ് ഇല്ലാത്ത ജില്ലകളില്‍ പുനര്‍വിന്യസിച്ചിരിക്കുന്ന അധ്യാപകരെ ജില്ലയില്‍ പി.എസ്.സി ലിസ്റ്റ് പ്രസിദ്ധീകരിച്ചാലുടന്‍ പിന്‍വലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ ഇത്തരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഉദാസീനത കാട്ടിയിട്ടുണ്ടെന്നും തങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നതിനു ശേഷമുള്ള ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സ്‌കൂളുകളില്‍ തസ്തിക നിര്‍ണയം നടത്തുന്നത്.
പകര്‍ച്ചവ്യാധികള്‍, മഴ തുടങ്ങിയ കാരണങ്ങളാല്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആറാം പ്രവൃത്തി ദിന കണക്കെടുപ്പ് നീണ്ടിരുന്നു. എന്നിട്ടും ജൂലൈ 15ന് മുന്‍പ് തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. അതേസമയം എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ അനിശ്ചിതത്വത്തിലായത് പലയിടങ്ങളിലും വിദ്യാലയ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."