കെറി ഹോപ്പിനെ വീഴ്ത്തി വിജേന്ദറിന് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ബോക്‌സിങ് കിരീടം
ന്യൂഡല്‍ഹി: ഇടിക്കൂട്ടില്‍ ചരിത്രം തീര്‍ത്ത് ഇന്ത്യയുടെ വിജേന്ദര്‍ സിങിന് കന്നികിരീടം. ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ബോക്‌സിങ് പോരാട്ടത്തില്‍ ആസ്‌ത്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ടാണ് വിജേന്ദര്‍ പ്രൊ ബോക്‌സിങില്‍ കിരീടം ചൂടിയത്. ഡല്‍ഹി ത്യാഗരാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ 10 റൗണ്ടിനൊടുവിലാണ് വിജേന്ദര്‍ മത്സരം സ്വന്തമാക്കിയത്. വിജേന്ദറിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം കൂടിയാണിത്. പ്രൊ ബോക്‌സിങില്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ കിരീടം കൂടിയാണിത്. സ്‌കോര്‍ 98-92, 98-92, 100-90.
പ്രൊഫഷണല്‍ റിങിലെ ആദ്യ ആറു പോരാട്ടങ്ങളിലും നോക്കൗട്ട് വിജയം സ്വന്തമാക്കിയ ശേഷമാണ് വിജേന്ദര്‍ ആദ്യ കിരീടപ്പോരാട്ടത്തിനിറങ്ങിയത്.2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കലം നേടി പ്രശസ്തിയിലേക്കുയര്‍ന്ന വിജേന്ദര്‍ 2010ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തേക്ക് മാറിയത്.
10 റൗണ്ടുകളുടെ പോരാട്ടത്തില്‍ ഹോപ്പ് മികവോടെയാണ് വിജേന്ദറിനെതിരേ പൊരുതിയത്. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പുറത്തെടുത്ത പോരാട്ട വീര്യമാണ് വിജേന്ദറിന് ജയം നേടിക്കൊടുത്തത്.മൂന്നു ജൂറിമാരും വിജേന്ദറിന് അനുകൂലമായി വിധിയെഴുതി. പ്രൊ ബോക്‌സിങിലെ പരിചയ സമ്പത്തുമായി കളത്തിലിങ്ങിയ ഹോപ്പിനെ തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജേന്ദര്‍ വീഴ്ത്തിയത്. ഒന്നാം റൗണ്ടില്‍ വളരെ കരുതലോടെയാണ് ഇരുവരും കളിച്ചത്. എതിരാളിയുടെ മുഖത്ത് ആദ്യ പ്രഹരമേല്‍പ്പിക്കാന്‍ വിജേന്ദറിന് സാധിച്ചു. തുടര്‍ന്ന് ആത്മവിശ്വാസത്തോടെ കളിച്ച വിജേന്ദര്‍ ഹോപ്പിനെതിരേ കൃത്യമായ മുന്‍തൂക്കം നേടി. രണ്ടാം റൗണ്ടില്‍ പോപ് പ്രത്യാക്രമണത്തിന് മുതിര്‍ന്നപ്പോള്‍ വിജേന്ദര്‍ സമര്‍ഥമായി ഒഴിഞ്ഞു മാറി. ഹോപ്പിന്റെ ബോഡി പഞ്ചുകള്‍ വിജേന്ദറിന് വെല്ലുവിളിയുയര്‍ത്തിയെങ്കിലും കരുത്തുറ്റ ഹുക്കുകളിലൂടെ വിജേന്ദര്‍ തിരിച്ചടിച്ചു. വിജേന്ദറിന്റെ അപ്രതീക്ഷിതമായ നീക്കങ്ങള്‍ ഹോപ്പിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ന്ന് പ്രതിരോധത്തില്‍ കളിക്കേണ്ടി വന്നു ഹോപ്പിന്. രണ്ടാം റൗണ്ട് അവസാനിച്ചതോടെ പരിചയസമ്പന്നനായ എതിരാളിക്കെതിരേ മേധാവിത്വം നേടാന്‍ ഹോപ്പിന് സാധിച്ചിരുന്നു.
മൂന്നാം റൗണ്ടില്‍ ഇരുവരും പ്രതിരോധത്തിലാണ് കളിച്ചത്.പതിയെ ഹോപ്പ് മത്സരത്തിലേക്ക് തിരിച്ചെത്തി. ആദ്യ രണ്ടു റൗണ്ടുകള്‍ക്കും വിഭിന്നമായി ഹോപ്പ് താളം കണ്ടെത്തിയത് ഈ റൗണ്ടിലാണ്. താരത്തിന്റെ പഞ്ചുകള്‍ വിജേന്ദറിനെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രതിരോധത്തില്‍ ഹോപ്പിന് പിഴച്ചു. ഇതു സമര്‍ഥമായി മുതലെടുത്ത് വിജേന്ദര്‍ പ്രത്യാക്രമണം നടത്തി. പക്ഷേ പഞ്ചുകളിലെ ആധിപത്യം കൊണ്ട് നേരിയ മുന്‍തൂക്കം നേടാന്‍ ഹോപ്പിന് സാധിച്ചു. നാലാം റൗണ്ടില്‍ വിജേന്ദര്‍ ആക്രമണത്തോടെയാണ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ വിജേന്ദറിന്റെ പഞ്ച് ഹോപ്പിന്റെ പ്രതിരോധത്തിലാക്കി. തൊട്ടുപിന്നീലെ വിജേന്ദറിന്റെ വലുത കൈ കൊണ്ടുള്ള ഇടിയില്‍ ഹോപ്പിന്റെ കണ്‍തടം വീര്‍ത്തു. ഇതോടെ വിജേന്ദര്‍ തുടര്‍ച്ചയായ ഏഴാം നോക്കൗട്ട് ജയം നേടുമെന്ന് കരുതി. എന്നാല്‍ പോരാട്ടം തുടര്‍ന്ന ഹോപ്പ് വിട്ടുകൊടുത്തില്ല. അതിവേഗം നീക്കങ്ങള്‍ നടത്തിയ ഹോപ്പിന്റെ രണ്ടു പഞ്ചുകള്‍ വിജേന്ദറിന്റെ മുഖത്തു കൊണ്ടു.
അഞ്ചാം റൗണ്ടില്‍ ഇരുവരും ആക്രമണത്തിന് പ്രാധാന്യം നല്‍കി. ഇരുവരും ശക്തമായ പഞ്ചുകളുതിര്‍ത്തു. എന്നാല്‍ പരിചയസമ്പത്ത് ഉപയോഗിക്കുന്നതില്‍ ഹോപ്പ് മികവു കാണിച്ചപ്പോള്‍ വിജേന്ദറിന്റെ പല ഇടികളും ലക്ഷ്യം കാണാതെ പാഴായി. ആറാം റൗണ്ടില്‍ എതിരാളിയെ പലവട്ടം ഞെട്ടിക്കാന്‍ വിജേന്ദറിന് സാധിച്ചു. താരത്തിന്റെ ശക്തമായി രണ്ടു പഞ്ചുകള്‍ ലക്ഷ്യസ്ഥാനം തന്നെ പതിച്ചു. ഇടതു കൈയില്‍ മികവുള്ള ഹോപ്പിന്റെ മികച്ചൊരു ഹുക്ക് ലക്ഷ്യത്തിലെത്തിയതോടെ മത്സരത്തെ ആവേശത്തിലാഴ്ത്തി. എന്നാല്‍ ഈ റൗണ്ടിന്റെ അവസാനത്തില്‍ തുടരെ പഞ്ചുകളുതിര്‍ത്ത വിജേന്ദര്‍ ഹോപ്പിനെ തളര്‍ത്തി. വിജേന്ദര്‍ ഏറ്റവും മികവോടെ പൊരുതിയ റൗണ്ടും ഇതായിരുന്നു. ഏഴാം റൗണ്ടിലെത്തിയപ്പോഴേക്കും ഇരുവരും തളര്‍ന്നിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായിട്ട് ഇത്രയും വലിയ മത്സരം കളിക്കുന്നതിന്റെ ക്ഷീണവും വിജേന്ദറിനുണ്ടായിരുന്നു. എങ്കിലും വാശിയോടെ പൊരുതാന്‍ താരത്തിനായി. എന്നാല്‍ വിട്ടുകൊടുക്കാതെ പൊരുതിയ ഹോപ്പ് നിരന്തരം നീക്കങ്ങല്‍ നടത്തി. ഹോപ്പ് തിരിച്ചുവരുമെന്ന് കരുതിയ നിമിഷങ്ങളായിരുന്നു ഇത്.
എട്ടാം റൗണ്ടില്‍ ജാഗ്രതയോടെ കളിച്ച വിജേന്ദര്‍ വമ്പന്‍ നീക്കങ്ങളൊന്നും നടത്തിയില്ല. ഒന്‍പതാം റൗണ്ടല്‍ ഇരുവരും അവശരായിരുന്നു. എന്നാല്‍ നിരന്തരം പഞ്ചുകള്‍ ഉതിര്‍ക്കാന്‍ ഇരുവര്‍ക്കുമായി. അവസാന റൗണ്ടില്‍ എതിരാളിയെ നോക്കൗട്ട് ചെയ്താല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്ന നിലയിലായിരുന്നു ഹോപ്പ്. അദേഹത്തിന്റെ ഇടതു കൈ കൊണ്ടുള്ള ഹുക്കും ജാബും സമര്‍ഥമായി വിജേന്ദര്‍ പ്രതിരോധിച്ചു. എന്നാല്‍ തകര്‍പ്പന്‍ ജാബിലൂടെ തിരിച്ചടിച്ച വിജേന്ദര്‍ ജയമുറപ്പിച്ച ഘട്ടത്തിലെത്തി. ഇടയ്ക്ക് മികച്ചൊരു ജാബിലൂടെ പോയിന്റ് സ്വന്താക്കിയ ഹോപ്പ് മത്സരത്തെ ആവേശത്തിലെത്തിച്ചു.എന്നാല്‍ 45 സെക്കന്‍ഡു ശേഷിക്കെ വലതു കൈ കൊണ്ടുള്ള ഹുക്കിലൂടെ വിജേന്ദര്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.
വിജേന്ദറിന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അഭിനന്ദനം
ന്യൂഡല്‍ഹി: കെറി ഹോപ്പിനെ വീഴ്ത്തി ഡബ്ല്യു.ബി.ഒ ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം സ്വന്തമാക്കിയ വിജേന്ദര്‍ സിങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍ അഭിനന്ദിച്ചു. നാട്ടുകാരുടെ മുന്നില്‍ നേടിയ വിജയത്തിലൂടെ വിജേന്ദര്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയെന്ന് ഇരുവരും വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി, ബോക്‌സിങ് താരം മേരി കോം, ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, വി.വി.എസ് ലക്ഷമണ്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവരും വിജേന്ദറിനെ അഭിനന്ദിച്ചിട്ടുണ്ട്.
ജയം മുഹമ്മദ് അലിക്ക് സമര്‍പ്പിക്കുന്നു: വിജേന്ദര്‍
ന്യൂഡല്‍ഹി: കെറി ഹോപ്പിനെതിരായ വിജയം അന്തരിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് സമര്‍പ്പിക്കുന്നുവെന്ന് വിജേന്ദര്‍ സിങ്.
ജയത്തില്‍ നാട്ടുകാരുടെ പിന്തുണ. അവരോട് നന്ദി രേഖപ്പെടുത്തുന്നു. ഇതെനിക്ക് വെകാരികമായ നേട്ടം കൂടിയാണ്. അതോടാപ്പം ജയം ഇതിഹാസ താരം മുഹമ്മദ് അലിക്ക് സമര്‍പ്പിക്കുന്നുവെന്ന് വിജേന്ദര്‍ പറഞ്ഞു. 10 റൗണ്ടുകളിലേക്ക് മത്സരം നീങ്ങുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാല്‍ കാണികളുടെ പിന്തുണ തനിക്ക് ഊര്‍ജം പകര്‍ന്നെന്നും വിജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."