മോദിയെ നേരിടാന്‍ പ്രിയങ്ക തയാര്‍
ന്യൂഡല്‍ഹി: വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് പ്രിയങ്കാ ഗാന്ധി. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തെയാണ് പ്രിയങ്ക സന്നദ്ധത അറിയിച്ചിരിക്കുന്നത്. പ്രിയങ്ക മത്സരിച്ചാല്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരമാകും വരാണസിയിലേത്. പ്രിയങ്ക വരാണസിയില്‍ മത്സരിക്കുന്നത് ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ പ്രകടനത്തിന് ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുലിന്റെതായിരിക്കും. പ്രിയങ്കയ്ക്ക് താല്പര്യമുണ്ടെങ്കില് അക്കാര്യം പരിഗണിക്കാമെന്ന നിലപാടാണ് രാഹുലിനുള്ളതെന്നാണ് സൂചന.
3.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2014ല്‍ മോദി വരാണസിയില്‍ ജയിച്ചത്. ലോക്സഭയിലേക്ക് മോദിയുടെ ആദ്യമത്സരമായിരുന്നു അത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള് രണ്ടുലക്ഷത്തിലധികം വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ്ക്ക് 75,000 വോട്ടുകലാണ് ലഭിച്ചത്.
ഇത്തവണ സംയുക്ത സ്ഥാനാര്‍ഥിയായി പ്രിയങ്കയെത്തുകയും എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്തുണ ലഭിക്കുകയും ചെയ്താല്‍ മോദിക്ക് കടുത്ത പരീക്ഷണമാവും. 1991ന് ശേഷം ബി.ജെ.പിയുടെ സുരക്ഷിത സീറ്റായിട്ടാണ് വരാണസി അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."