ശബരിമല ആളിക്കത്തിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനം പോളിങ് ബൂത്തിലേക്ക് പോകാന്‍ ഒന്‍പതു ദിവസം മാത്രം ബാക്കിനില്‍ക്കേ വിശ്വാസം വോട്ടാക്കി മാറ്റാന്‍ ബി.ജെ.പി. തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പെരുമാറ്റചട്ടം ലംഘിച്ചും തെരഞ്ഞെടുപ്പില്‍ ശബരിമലയിലെ വനിതാപ്രവേശനം പ്രധാന ചര്‍ച്ചയാക്കാന്‍ ബി.ജെ.പി നേതൃത്വം സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിവാദം പറയുന്നിടത്ത് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്നു പോയതിന് പിറ്റേന്ന് തന്നെ ശബരിമലയെ ചുറ്റിപ്പറ്റിത്തന്നെ പ്രചാരണം കൊഴുപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. സ്ഥാനാര്‍ഥികള്‍ വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ശരണംവിളിച്ച് പ്രചാരണയോഗങ്ങളില്‍ പ്രസംഗം തുടങ്ങാനാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ശബരിമല വിഷയം ചര്‍ച്ച ചെയ്യാമെന്നും എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടുപിടിക്കരുതെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം നിലവിലുണ്ട്. ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ശബരിമല വിഷയമുന്നയിക്കുമ്പോള്‍ കിട്ടുന്ന പിന്തുണയാണ് സംഘ്പരിവാറിനെ തന്ത്രം മാറ്റാന്‍ പ്രേരിപ്പിച്ച ഘടകം. ശബരിമല വിഷയം പ്രധാന ചര്‍ച്ചാവിഷയമാക്കിയാല്‍ ത്രികോണ മല്‍സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചുകയറാമെന്നും സമദൂരം പ്രഖ്യാപിച്ചിരിക്കുന്ന എന്‍.എസ്.എസിന്റെ പിന്തുണ ഉറപ്പിക്കാനാകുമെന്നും ബി.ജെ.പി കരുതുന്നു.
ശബരിമലയല്ല പ്രധാന ചര്‍ച്ചാവിഷയമെന്നാണ് ആദ്യം ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നത്. എന്നാലിപ്പോള്‍ ശ്രീധരന്‍ പിള്ള വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ശബരിമല തങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ പ്രശ്‌നമാണെന്നും അത് ജനങ്ങളുടെ സജീവശ്രദ്ധയില്‍ വരണമെന്നും അതിനെ നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും പിള്ള പറയുന്നു. നടപടി എടുക്കണമെങ്കില്‍ എടുക്കട്ടെ. തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അതിനാല്‍ തങ്ങള്‍ ഇന്നു മുതല്‍ ശബരിമല വൈകാരികവിഷയമായി തന്നെ ചര്‍ച്ച ചെയ്യുമെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.
ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാകട്ടെ ഒരു പടികൂടി കടന്ന് ഇന്നലത്തെ പ്രചാരണയോഗങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ കടന്നാക്രമിക്കുകയും ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെ എ.കെ.ജി സെന്ററിലെ ക്ലാര്‍ക്കിന്റെ പണിയെടുക്കാന്‍ അനുവദിക്കില്ലെന്നും അയ്യപ്പനായി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറാണെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രസ്താവന.
അതിനിടെ ബി.ജെ.പി സ്ഥാനാര്‍ഥികളെക്കുറിച്ച് പരാമര്‍ശമൊന്നുമില്ലാതെ ശബരിമല കര്‍മ സമിതിയുടെ പേരില്‍ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്.
സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘ്പരിവാര്‍ നേതാക്കളായ ചിദാനന്ദപുരിയുടെയും ശശികലയുടെയും നേതൃത്വത്തില്‍ ഇന്നലെ കര്‍മസമിതി ശരണംവിളികളുമായി സമരവും ആരംഭിച്ചു. തെരഞ്ഞെടുപ്പ് വരെ വിഷയം ചര്‍ച്ചചെയ്ത് വര്‍ഗീയവിഷം ചീറ്റി ജയിച്ചുകയറുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തങ്ങളുടെ സമരത്തിന് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നാണ് ശബരിമല കര്‍മസമിതി നേതാവ് ചിദാനന്ദപുരി വ്യക്തമാക്കിയത്.
അതേസമയം, ബി.ജെ.പി പച്ചയായി വര്‍ഗീയത പറയുന്നുവെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ശബരിമല ചട്ടം ലംഘിച്ചും ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പിയുടെ നിലപാട് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമമെന്നായിരുന്നു വിഷയത്തോട് എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രതികരണം.
വിശ്വാസികള്‍ക്കൊപ്പമാണെങ്കിലും ആളുകളെ വേര്‍തിരിക്കുന്ന ബി.ജെ.പിയുടെ വര്‍ഗീയ നിലപാടിനെതിരാണെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. ശബരിമല വിഷയത്തില്‍ ബി.ജെ.പി അപഹാസ്യരാവുകയാണെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ബി.ജെ.പിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പറയാത്തത്
തമിഴ്‌നാട്ടില്‍ പറഞ്ഞ് മോദി
തേനി (മംഗളൂരു): തമിഴ്‌നാട്ടില്‍ ശബരിമല വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കഴിഞ്ഞ ദിവസം കേരള പര്യടനത്തില്‍ ശബരിമല എന്ന പദം പറയാതിരുന്ന മോദി ഇന്നലെ തമിഴ്‌നാട്ടിലാണ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും അവഗണിച്ച് വിഷയം ആളിക്കത്തിക്കാന്‍ ശ്രമിച്ചത്.
കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും മുസ്‌ലിം ലീഗിനെയും കടന്നാക്രമിച്ചുകൊണ്ട് വര്‍ഗീയ ധ്രുവീകരണമാണ് മോദിയുടെ പ്രസംഗത്തിലുടനീളം ഉണ്ടായത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ലീഗും നടത്തുന്നത് അപകടകരമായ കളിയാണ്.
നിങ്ങള്‍ കോണ്‍ഗ്രസിനും ഡി.എം.കെക്കും മുസ്‌ലിംലീഗിനും വോട്ടുചെയ്യുകയെന്നാല്‍ തീവ്രവാദത്തിനെ അഴിച്ചുവിടുകയെന്നതാണ്-മോദി ആരോപിച്ചു.
ലക്ഷ്മണരേഖ
ലംഘിച്ചാല്‍
കര്‍ശന നടപടി:
ടിക്കാറാം മീണ
തിരുവനന്തപുരം: മതം, ദൈവം എന്നിവ പരാമര്‍ശിച്ചുകൊണ്ട് വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണ്. ആ ലക്ഷ്മണരേഖ മറികടന്നാല്‍ നടപടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. അതേസമയം ശബരിമല പോലുള്ള വിഷയങ്ങളുടെ സാമൂഹികവശം ഉന്നയിക്കുന്നതിന് വിലക്കില്ല. എന്‍.ഡി.എയുടെ കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി ശബരിമലയെപ്പറ്റി പരാമര്‍ശിക്കാതിരുന്നതിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പ്രശംസിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും പറഞ്ഞു. കൊല്ലം, തൃശൂര്‍, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന പെരുമാറ്റചട്ട ലംഘനങ്ങളില്‍ കലക്ടര്‍മാര്‍ക്ക് ഉചിതമായ നടപടിയെടുക്കാമെന്നും മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."