അശാസ്ത്രീയ പുലിമുട്ടുകളും കടല്‍ഭിത്തികളും: പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം
പൊന്നാനി: അശാസ്ത്രീയമായി നിര്‍മിച്ച കടല്‍ഭിത്തികളും പുലിമുട്ടുകളുമാണ് കടലപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തിലും അഴിമുഖത്തെ അടിയൊഴുക്കിലും പെട്ട് 15 വള്ളങ്ങളാണ് കടലിലേക്ക് ഒഴുകിപ്പോയത്.
എട്ടു വള്ളങ്ങള്‍ പാലിമുട്ടിലിടിച്ച് തകരുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പൊന്നാനിയില്‍ മാത്രം മുപ്പതിലധികം കടലപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. മുപ്പതിലധികം ബോട്ടുകളും മണല്‍തിട്ടയിലിടിച്ച് തകര്‍ന്നു.
തീരത്ത് പാറക്കല്ലുകള്‍ അടുക്കിവയ്ക്കുന്നതിനാണ് സര്‍ക്കാര്‍ കടല്‍ഭിത്തിയെന്ന് പേരിട്ടിരിക്കുന്നത്. തിരമാലകളുടെ ഊര്‍ജശക്തിയെ നേരിടാനുള്ള കെല്‍പ്പ് ഭിത്തികള്‍ക്കില്ല. തീരത്തെ വന്‍തോതിലുള്ള മണ്ണൊലിപ്പിന് ആക്കം കൂട്ടുകയാണ് ഭിത്തികള്‍. ഇതാണ് പൊന്നാനി അഴിമുഖത്ത് കടലപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതും.
പൊന്നാനി അഴിമുഖത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മണല്‍ തിട്ടയിലിടിച്ച് തകര്‍ന്ന ബോട്ടുകളുടെ എണ്ണം നൂറില്‍ കൂടുതലാണ്. തീരത്തോടടുത്ത് കടല്‍ മേഖലകളില്‍ രൂപപ്പെടുന്ന തിരകളുടെ വര്‍ധിതമായ ഉയരം, ഊര്‍ജം, ഒഴുക്ക് എന്നിവയെ പ്രതിരോധിക്കുന്നതിന് പ്രകൃതിദത്തമായ മണല്‍ കൂനകള്‍ക്ക് കഴിയും. തീരത്ത് കടലിന്റെ അടിത്തട്ടിന് ആഴംകൂടാനും ഭിത്തികള്‍ കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."