ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ കാട്ടാനയെ തുരത്തി
ഇരിട്ടി: ആറളം പഞ്ചായത്തിലെ മാഞ്ചോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തി. ആറളം അയ്യങ്കുന്ന് പഞ്ചായത്തിലെ നാലു ഗ്രാമങ്ങളെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ കുട്ടിക്കൊമ്പനെ വനപാലകരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിനൊടുവില്‍ ഇന്നലെ ഉച്ചക്ക് 12ഓടെയാണ് കാട്ടിലേക്ക് കയറ്റിയത്. മാഞ്ചോട്, എടപ്പുഴ, ചതിരൂര്‍, വാളത്തോട് ഭാഗങ്ങളിലാണ് ആറളം വനത്തില്‍ നിന്നു പുലര്‍ച്ചയോടെ എത്തിയ ആന ഭീതി പരത്തിയത്. അതിരാവിലെ ടാപ്പിങിനായി സ്കൂട്ടറില്‍ പോവുകയായിരുന്ന മനക്കോട്ട ആലുംപറമ്പില്‍ ജോസ് ആനയുടെ മുന്നില്‍ പെട്ടെങ്കിലും ഓടി രക്ഷപ്പെട്ടു. ആന ഓടിവരുന്നു കണ്ട ജോസ് സ്കൂട്ടര്‍ ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടെങ്കിലും ആന സ്കൂട്ടര്‍ തകര്‍ത്ത് അരിശം തീര്‍ക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളി മാമൂട്ടില്‍ അപ്പച്ചനും ആനയുടെ മുന്നില്‍ പെട്ടെങ്കിലും ഓടിരക്ഷപ്പെട്ടു. ഭീതിയിലായ ജനങ്ങള്‍ പുറത്തിറങ്ങാതെ മണിക്കൂറുകളോളം വീടുകള്‍ക്കുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. ഒടുവില്‍ വനപാലകരെത്തി ഏറെ പരിശ്രമത്തിനു ശേഷം ചതിരൂര്‍ 110 കോളനിക്കു സമീപത്തുള്ള നീലായ് മലയിലേക്കു ആനയെ കയറ്റി വിടുകയായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് പരിപ്പുതോട്ടിലെ വനത്തില്‍ അസുഖത്തെ തുടര്‍ന്ന് ചരിഞ്ഞ ആനയുടെ കുട്ടിയാണ് ഇതെന്നു സംശയിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരായ പി.പി മുരളീധരന്, കെ.കെ മനോജ്, സുധീഷ് നാട്ടുകാരായ മാത്യു ജോണ്‍, ഷിന്റോ മാത്യു, പ്രവീണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനവാസ കേന്ദ്രത്തിലൂടെ പത്തു കിലോമീറ്ററിലധികം ആനയെ പിന്തുടര്ന്ന് കാട്ടിലേക്ക് തുരത്തി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."