പുത്തൂര്‍ തോട് വറ്റിവരണ്ടു; തോട്ടിലെ വെള്ളം ആശ്രയിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍
പെരുവള്ളൂര്‍: പഞ്ചായത്തിലെ പാത്തിക്കുഴി മേഖലയിലെ പുത്തൂര്‍ പാടത്ത് വരള്‍ച്ചയെ തുടര്‍ന്ന് വന്‍ കൃഷിനാശം. പുത്തൂര്‍ തോട്ടിലെ വെള്ളം ആശ്രയിച്ചു കൃഷിയിറക്കിയ കര്‍ഷകര്‍ തോട് വറ്റി വരണ്ടതോടെ ദുരിതത്തിലായി.
കൃഷിക്കായി തോട്ടിലെ വെള്ളം മാത്രം ആശ്രയിച്ച കര്‍ഷകരുടെ വാഴക്കൃഷിയാണ് തോട് വറ്റി വരണ്ടതോടെ നനയ്ക്കാന്‍ വെള്ളം ലഭിക്കാതെ പകുതിയിലേറെയും ഉണങ്ങി നശിച്ചത്. വെണ്ട, പയര്‍ തുടങ്ങി വിവിധയിനം പച്ചക്കറി കൃഷികള്‍ ചെയ്തെങ്കിലും വിത്ത് മുളക്കും മുന്‍പെ വരള്‍ച്ച ബാധിച്ചതിനാല്‍ കൂടുതല്‍ കര്‍ഷകരും വാഴ കൃഷിയായിരുന്നു ഇത്തവണ ചെയ്തിരുന്നത്.
രൂക്ഷമായ വരള്‍ച്ച മൂലം തോട്ടില്‍ വെള്ളം വറ്റിയതിനാല്‍ തോട്ടില്‍ കുഴിക്കിണറുകളുണ്ടാക്കി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് കൃഷി നനച്ചിരുന്നത്. എന്നാല്‍ കുഴിക്കിണറുകളിലെ വെള്ളവും വറ്റിയതോടെ നനയ്ക്കാന്‍ വെള്ളം ലഭിക്കാത്തതിനാല്‍ വാഴകൃഷിയും ഉണങ്ങി നശിച്ചു.
ആറ് കര്‍ഷകരുടേതായി പുത്തൂര്‍ പാടത്ത് മാത്രം ആയിരത്തിലധികം വാഴകളാണ് ഉണങ്ങി നശിച്ചത്. കുല വെട്ടാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയുണ്ടായ കൃഷിനാശം മൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
നേന്ത്രവാഴകളാണ് നശിച്ചവയിലേറെയും. പൂര്‍ണ മൂപ്പെത്തിയ ഒരു കുലയ്ക്ക് ശരാശരി 400 രൂപയിലേറെ ലഭിക്കും. നാശനഷ്ടം സംഭവിച്ചവയില്‍ ഇന്‍ഷുര്‍ ചെയ്ത വാഴയില്‍ കുലച്ച വാഴക്ക് 100 രൂപയും അല്ലാത്തവക്ക് 80 രൂപയും ലഭിക്കും. എന്നാല്‍ ഇന്‍ഷുര്‍ ചെയ്യാത്ത കര്‍ഷകര്‍ നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരത്തിനായി അധികൃതരുടെ കനിവും കാത്തിരിക്കേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."