'അറബിയില്ല പഠിപ്പിക്കേണ്ടത്, സംസ്‌കൃതം'; തിരുവിതാംകൂര്‍ ദേവസ്വം സ്‌കൂളിലെ അറബി അധ്യാപക നിയമനത്തിനെതിരെ വി.എച്ച്.പി
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ അറബി ഭാഷാധ്യാപകരെ നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചതിനെതിരെ വി.എച്ച്.പി. അറബിയല്ല പഠിപ്പിക്കേണ്ടതെന്നും സംസ്‌കൃതമാണെന്നും വി.എച്ച്.പി വക്താവ് അലോക് കുമാര്‍ പറഞ്ഞു.
ഹിന്ദുമത വിശ്വാസികളുടെ മതപരവും ജീവകാരുണ്യപരവുമായ ഉദ്ദേശങ്ങള്‍ക്കല്ല അറബി പഠിപ്പിക്കുന്നത്. ഭക്തര്‍ നല്‍കുന്ന പണം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ചെലവഴിക്കപ്പെടുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ സംസ്‌കൃതമാണ് പഠിപ്പിക്കേണ്ടത്. അതിനായി അധ്യാപകരെ നിയമിക്കുകയും വേണമെന്നും വി.എച്ച്.പി വര്‍ക്കിംഗ് പ്രസിഡന്റും അഭിഭാഷകനുമായ അലോക് കുമാര്‍ പറഞ്ഞു.
തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന നിയമ പ്രകാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചിരിച്ചത്. ബോര്‍ഡിലുള്ള അംഗങ്ങളുടെ രാഷ്ട്രീയം വ്യക്തമാണ്. ബോര്‍ഡിലെ മൂന്ന് അംഗങ്ങളില്‍ രണ്ട് പേര്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളാണ്. മൂന്നാമത്തെയാളും സര്‍ക്കാരുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കേരളത്തിലെ ഹിന്ദുമത വിശ്വാസികളായ വിദ്യാര്‍ഥികളുടെ പഠനഭാഗമായി അറബി ഭാഷ പഠിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.എച്ച്.പി നേതാവ് പറഞ്ഞു.
നിലവിലെ തീരുമാനത്തിനെതിരെ ഹിന്ദുമത വിശ്വാസികളും ബോര്‍ഡും പ്രതികരിക്കണം. സംസ്‌കൃത ഭാഷയാണ് നമ്മള്‍ സ്വായത്തമാക്കേണ്ടത്. ഭാരതീയ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ് സംസ്‌കൃതം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന സ്‌കൂളുകളില്‍ സംസ്‌കൃതം നിര്‍ബന്ധമായും പഠിപ്പിക്കുകയാണ് വേണ്ടതെന്നും അലോക് കുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്‌കൂളില്‍ അറബിക് അധ്യാപകന്റെ ഒഴിവിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നു. ഇത് നേരത്തെയും സംഘ്പരിവാര്‍ സംഘടനകള്‍ വിവാദമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."