വിജയത്തിന് പരന്ന വായന അനിവാര്യം: പ്രൊഫ. സി. രവീന്ദ്രനാഥ്
കോട്ടയം: പരന്ന വായനയിലൂടെ മാത്രമേ സര്‍വ മേഖലയിലും വിജയിച്ചു മുന്നേറാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മഹാത്മാഗാന്ധി സര്‍വകലാശാലാ ലൈഫ്ലോങ്ങ് ലേര്‍ണിങ് വകുപ്പില്‍ തുടങ്ങിയ സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടേയും സമൂഹത്തിന്റെയും പുരോഗതി നവീനാശയങ്ങളില്‍ അധിഷ്ഠിതമാണ്. ഉത്കൃഷ്ട വായന ഇതിന് അനിവാര്യവും മന്ത്രി പറഞ്ഞു.
രാജ്യത്തെ മികച്ച പത്ത് സര്‍വകലാശാലകളിലൊന്നാകാന്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് സര്‍വ്വവിധ പിന്തുണയും നല്‍കുമെന്നും പരീക്ഷാനടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍വകലാശാല നടത്തിയ മുന്നേറ്റം നിയമസഭയുടെ അഭിനന്ദനം നേടിയ കാര്യവും മന്ത്രി അനുസ്മരിച്ചു.മത്സര പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കയിരിക്കുന്നത്. ഡല്‍ഹി എ.എല്‍.എസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് സാറ്റലൈറ്റ് ക്ലാസുകളും സംഘടിപ്പിക്കുന്നതാണ്. മുന്‍ ഡി.ജി.പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. ആണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഡയറക്ടര്‍.
വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ യോഗത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് സ്വാഗതം പറഞ്ഞു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ. ഷെറഫുദ്ദീന്, പ്രൊഫ. ടോമിച്ചന് ജോസഫ്, ഡോ. എ. ജോസ്, ഡോ. ആര്. പ്രഗാഷ്, പ്രൊഫ. വി.എസ്. പ്രവീണ്‍കുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. എം.ആര്. ഉണ്ണി, വകുപ്പ് മേധാവി കെ.എ. മഞ്ജുഷ, ഡയറക്ടര്‍ ഡോ. ആര്.എസ്. സന്ധ്യ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."