വിദ്യാര്‍ഥികള്‍ ഒരുമിച്ചു; ഷൈനിക്ക് സുരക്ഷിത വീടൊരുങ്ങി
കൂറ്റനാട്: വിദ്യാര്‍ഥികളായ നാല് യുവാക്കള്‍ ഒരുമിച്ചപ്പോള്‍ ഷൈനിക്ക് ലഭിച്ചത് അടച്ചുറപ്പുള്ള വീട്. ഭിന്നശേഷിക്കാരിയായ തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ അകിലാണം സ്വദേശിനി ചിറമൊഴിയില്‍വീട്ടില്‍ ഷൈനിക്കാണ് (31) വിദ്യാര്‍ഥികളായ നാല് യുവാക്കളുടെ നേതൃത്വത്തില്‍ വീടുവച്ച് നല്‍കിയത്.
ഓട്ടിസം ബാധിച്ച ഷൈനി ഇതുവരെ കഴിഞ്ഞിരുന്നത് തകര്‍ന്ന ഓലപ്പുരയിലായിരുന്നു. ഷൈനിക്ക് എട്ടുവയസുള്ളപ്പോള്‍ അച്ഛന്‍ കുടുംബമുപേക്ഷിച്ച് പോയി. മൂന്നുവര്‍ഷം മുന്‍പ് അമ്മ ഉഷയും മരിച്ചു. എന്തിനും പരസഹായമാവശ്യമുള്ള ഷൈനിക്ക് ആകെയുള്ള കൂട്ട് അമ്മയുടെ സഹോദരിയും അവിവാഹിതയുമായ പുഷ്പയാണ്. വീടായെങ്കിലും റബര്‍ ടാപ്പിങ് തൊഴിലാളിയായ പുഷ്പയ്ക്ക് മുന്നിലിപ്പോഴും വെല്ലുവിളികളാണ്.
ഷൈനിയെ നോക്കാന്‍ മുഴുവന്‍ സമയം ഇരിക്കേണ്ടതിനാല്‍ കുറച്ചുകാലമായി ജോലിക്കും പോകാറില്ല. ഷൈനിയുടെ പെന്‍ഷനും നാട്ടുകാരും ബന്ധുക്കളും നല്‍കുന്ന സഹായവുംകൊണ്ടാണ് ജീവിച്ചുപോകുന്നത്. ഷൈനിയുടെ പെന്‍ഷന്‍ വാങ്ങാന്‍ മാസാമാസം ചാവക്കാട് ഭാഗത്തേക്ക് പോകണം. ഇത് അക്കൗണ്ടുവഴിയാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അത് ഇതുവരെ സാധ്യമായിട്ടില്ല.
ലൈഫ് പദ്ധതി പ്രകാരം വീടുനിര്‍മിച്ച് നല്‍കാന്‍ ഇവരുടെവീടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്വന്തമായി റേഷന്‍കാര്‍ഡില്ലാത്തതിനാല്‍ അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. തകര്‍ന്നവീട്ടില്‍ കഴിയുന്ന ഷൈനിയുടെ ദുരവസ്ഥ കഴിഞ്ഞ സെപ്റ്റംബറിലാണ് നാലു വിദ്യാര്‍ഥിസംഘം അറിയുന്നത്. ഷൈനിയുടെ അവസ്ഥ വിവരിച്ച് ഇവരിലൊരാളായ മുഹമ്മദ് റാഫി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതിന് വലിയതോതില്‍ പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. തുടര്‍ന്ന്, ഇവരെല്ലാവരും ചേര്‍ന്ന് ഷൈനി ഭവനനിര്‍മാണ സഹായ സമിതി എന്ന പേരില്‍ കമ്മിറ്റിയുണ്ടാക്കി പഞ്ചാബ് നാഷനല്‍ ബാങ്ക് തിരുമിറ്റക്കോട് ശാഖയില്‍ അക്കൗണ്ടും തുറന്നു. ഏകദേശം നാലേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവില്‍ 501 ചതുരശ്രയടിയുള്ള വീടാണ് കൂട്ടുകാര്‍ നിര്‍മിച്ചത്. പണികഴിഞ്ഞ് അക്കൗണ്ടില്‍ ബാക്കിയായ തുക പുഷ്പയെ ഏല്‍പ്പിക്കയും ചെയ്തു. ഗൃഹപ്രവേശം വെള്ളിയാഴ്ച രാവിലെ നടന്നു.
എം.കെ മുഹമ്മദ്‌റാഫി, അജയ് ദേവ്, ശ്യാംചന്ദ്രന്‍, റിച്ചു ചന്ദ്രന്‍ എന്നിവരാണ് ഷൈനിക്ക് വീടുവച്ച് നല്‍കിയത്. എം.കെ മുഹമ്മദ്‌റാഫി തൃശ്ശൂരില്‍ പി.ജി വിദ്യാര്‍ഥിയാണ്. അജയ് ദേവ് കഴിഞ്ഞ വര്‍ഷം എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി. വളയംകുളത്തെ കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ശ്യാംചന്ദ്രന്‍, റിച്ചു ചന്ദ്രന്‍ തൃശ്ശൂരില്‍ മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ പ്രളയസമയത്തും ഈ കൂട്ടുകാര്‍ ഇത്തരത്തില്‍ കൈകോര്‍ത്ത് സഹായമെത്തിച്ചിരുന്നണ്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."