ഇരുവഴിഞ്ഞി തീര്‍ഥം കുടിവെള്ള പദ്ധതിയുടെ കിണര്‍ നവീകരണം നാട്ടുകാര്‍ തടഞ്ഞു
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മാന്ത്രയില്‍ കുടുംബശ്രീ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കുപ്പിവെള്ള വിതരണ കമ്പനിയായ ഇരുവഴിഞ്ഞി തീര്‍ഥം പദ്ധതിയുടെ കിണര്‍ ആഴം കൂട്ടുന്നത് പ്രദേശവാസികളുടെ നേതൃത്വത്തില്‍ തടഞ്ഞു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സ്ത്രീകള്‍ അടക്കമുള്ളവരെത്തി പ്രവൃത്തി തടഞ്ഞത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് പദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ ജല ലഭ്യത കുറഞ്ഞുവെന്നും ഇനിയും കിണര്‍ ആഴം കൂട്ടിയാല്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥ ഉണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു. പദ്ധതി തുടങ്ങിയ സമയത്ത് തന്നെ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. 80 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് കുടിവെള്ള പദ്ധതിയുടെ കുളത്തില്‍ വെള്ളമില്ലാതായതോടെ ദിവസങ്ങള്‍ കഴിഞ്ഞാണ് വെള്ളം ലഭിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കാന്‍ നടപടിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ കിണര്‍ നന്നാക്കാനും തൊട്ടടുത്ത അങ്കണവാടിയുടെ കിണര്‍ നന്നാക്കാനും നടപടി സ്വീകരിക്കാതെ കുപ്പിവെള്ള പദ്ധതിയുടെ കിണര്‍ ആഴം കൂട്ടുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
പദ്ധതിക്കെതിരേ ജില്ലാ കലക്ടര്‍, പഞ്ചായത്ത്, ഡി.എം.ഒ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവര്‍ക്ക് പരാതി നല്‍കിയതായും പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."