തെരഞ്ഞെടുപ്പ് സമാധാനപരമാക്കും: രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം
കോഴിക്കോട്: ജില്ലയിലെ തെരഞ്ഞെടുപ്പ് പൂര്‍ണമായും സമാധാനപരമായും മാതൃകാപരമായും സംഘടിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തോടൊപ്പം നില്‍ക്കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തുകയോ പെരുമാറ്റച്ചട്ടലംഘനം നടത്തുകയോ ചെയ്യില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷികളുടെ യോഗത്തിലാണ് ഈ തീരുമാനം.
പൊതുഇടങ്ങളിലും കെ.എസ്.ഇ.ബി പോസ്റ്റുകള്‍, പൊതു റോഡുകളിലെ കൈവരികള്‍ എന്നിവിടങ്ങളിലും പ്രചാരണത്തിനായി ബാനറുകള്‍, പതാകകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ പതിപ്പിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ പ്രചാരണത്തിനായി കൊടിമരം കെട്ടുകയോ ബാനര്‍ കെട്ടുകയോ ചെയ്യുന്നത് അവരുടെ അനുവാദം വാങ്ങിയ ശേഷമായിരിക്കും. പൊതുസ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പതിപ്പിക്കുന്നതിനെതിരേ ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നിയമനടപടികള്‍ക്ക് തടസം നില്‍ക്കില്ലെന്നും നേതാക്കള്‍ യോഗത്തെ അറിയിച്ചു.
പരസ്പര സഹവര്‍ത്തിത്വത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ മാതൃകാപരമാക്കാന്‍ എല്ലാ സഹകരണവും രാഷ്ട്രീയകക്ഷി നേതാക്കള്‍ വാഗ്ദാനം ചെയ്തു. ജില്ലാ ഭരണകൂടം തെരഞ്ഞെടുപ്പ് സുഗമമാക്കാനായി പുറത്തിറക്കിയ ഇ-ദൂത് ആപ്ലിക്കേഷനില്‍ സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും വരണാധികാരിയുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമുണ്ട്. വിവിധ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷി നേതാക്കളുടെ ചീഫ് എജന്റുമാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."