നൈപുണ്യദിനം: വൈവിധ്യപൂര്‍ണമായി ജില്ലാതല ആഘോഷം
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയായ അഡിഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ലോക യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. അമ്പലപ്പുഴയിലെ അസാപ് പഠനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അമ്പലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ അധ്യക്ഷനായി.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കാരിക്കല്‍, കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി വി.കെ ഹരിലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ബൈജു, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശാന്തനു പ്രദീപ്, അമ്പലപ്പുഴ പ്രോഗ്രാം മാനേജര്‍ കവിത, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാഹര്‍ നിസ്സ, പി.ടി.എ പ്രസിഡന്റ് ശ്രീകുമാര്‍ പങ്കെടുത്തു. ക്യൂറ്റീ പൈ എം.ഡി ഫൗസിയ നൈസാം, ബ്രിട്ടീഷ് കൗണ്‍സില്‍ ട്രെയിനര്‍ റസ്സല്‍ എന്നിവര്‍ കുട്ടികള്‍ക്കു നൈപുണ്യ വികസനക്ലാസുകളെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി അസാപ് പൂര്‍വവിദ്യാര്‍ഥികളെ കുറിച്ചുള്ള പഠനവും നിലവിലുള്ളവരുടെ നൈപുണ്യ ക്രമീകരണവും സംഘടിപ്പിച്ചു. കുട്ടികളുടെ മത്സരങ്ങളും സമ്മാനദാനവും നടന്നു. ഈ വര്‍ഷത്തെ അസാപ് സ്‌കൂള്‍-കോളജുതല പ്രവേശനം അതതു കേന്ദ്രങ്ങളില്‍ ഇന്നു തുടങ്ങും. വരുംവര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്താലുള്ള എന്‍.എസ്.ക്യൂ.എഫ് മാര്‍ഗരേഖ പ്രകാരമുള്ള തൊഴില്‍ നൈപുണ്യ പരിശീലനം രാജ്യത്ത് ഏതൊരു തൊഴില്‍ നേടുന്നതിനും മാനദണ്ഡമാകും.
വിദ്യാര്‍ഥികള്‍ക്കു സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അസാപ് പരിശീലനം ഫീസിളവോടെ നേടാനാകും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളിലെ അസാപ് അധ്യാപക കോഡിനേറ്ററെയോ പ്രിന്‍സിപ്പലിനെയോ സമീപിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."