പൊലിസിന്റെ നല്ലമനസ്; യുവാവിന് തിരിച്ചുകിട്ടിയത് ലക്ഷങ്ങളുടെ കാമറ
പെരിന്തല്‍മണ്ണ: പൊലിസിന്റെ സമയോചിത ഇടപെടലിലൂടെ യുവാവിന് തിരിച്ചുകിട്ടിയത് തന്റെ ജീവനോപാധിയായ രണ്ടു ലക്ഷത്തിലധികം രൂപ വിലയുള്ള കാമറ. പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രാമധ്യേ കാറില്‍ നിന്നും നഷ്ടപ്പെട്ട കാമറയാണ് മറ്റൊരുകേസിന്റെ അന്വേഷണത്തിനിടെ പൊലിസിന്റെ കൈയില്‍പെട്ടത്.
തുടര്‍ന്ന് കാമറയുടെ സീരിയല്‍ നമ്പറും വിവരങ്ങളും വച്ച് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടും സമൂഹമാധ്യമങ്ങള്‍ വഴിയും നടത്തിയ അന്വേഷണത്തിലാണ് കൊപ്പം സ്വദേശിയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമായ റംഷീദിന്റെ കാമറ നഷ്ടപ്പെട്ട വിവരം പെരിന്തല്‍മണ്ണ പൊലിസ് അറിയുന്നത്. പിന്നീട് റംഷീദിനെ ബന്ധപ്പെട്ട് കാമറ കൈമാറുകയായിരുന്നു.
പെരിന്തല്‍മണ്ണ സി.ഐ എം.പി രാജേഷ്, ഉദ്യോഗസ്ഥരായ മുരളീധരന്, മനോജ്കുമാര്‍, കൃഷ്ണകുമാര്‍ എന്നിവരും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനിലെ ബാബു പുലായ്ക്കല്‍ എന്നിവരുടെയും അവസരോചിത ഇടപെടലാണ് യുവാവിന് കാമറ തിരിച്ചുകിട്ടുന്നതില്‍ നിര്‍ണായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."