ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹരജിക്കാര്‍
ന്യൂഡല്‍ഹി: ആദായ നികുതി ആക്ട് പ്രകാരം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍.
ആദായ നികുതി ആക്ട് എസ്.139എഎ പ്രകാരം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേ സി.പി.ഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ വാദം നടക്കുന്നതിനിടെയാണ് ശ്യാം ദിവാന്‍ സുപ്രിം കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭരണഘടനയുടെയോ നിയമത്തിന്റെയോ പിന്‍ബലമില്ലാതെ ഒരു പൗരന്റെ ബയോ മെട്രിക് വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ നിയമ വിരുദ്ധമായി വിലപേശുന്നത് അനുവദനീയമല്ല.
ആധാര്‍ ഒരു വ്യക്തി സ്വമേധയാ എടുക്കേണ്ടതാണ്. എന്നാല്‍, അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്കോ മൂന്നാമതൊരു കക്ഷിക്കോ നല്‍കാന്‍ പൗരന്‍മാരെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രിയുടെ ബെഞ്ച് മുന്‍പാകെ ശ്യാം ദിവാന്‍ വാദിച്ചു.
ഇന്ത്യന്‍ ഭരണകൂടം രാജ്യത്തെ പൗരന്‍മാരെ വ്യക്തികളായല്ല ഒരു നമ്പറായിട്ടാണ് പരിഗണിക്കുന്നത്. ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നത് സര്‍ക്കാരിന്റെ സമഗ്രാധിപത്യ മനോഭാവമാണ് വ്യക്തമാക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ആധാര്‍ നിര്‍ബന്ധമാക്കിയത് പാര്‍ലമെന്റ് പാസാക്കിയ നിയമ പ്രകാരമാണ്. അതില്‍ കോടതി ഇടപെടരുതെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. വ്യാജ പാന്‍ കാര്‍ഡുകളും ആദായ നികുതി തട്ടിപ്പുകള്‍ തടയുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കല്‍ അനിവാര്യമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം.
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിം കോടതിയുടെ ഉത്തരവുകളുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."