ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ചെരിഞ്ഞു
ഇരിട്ടി: കരിക്കോട്ടക്കരി പാറക്കപ്പാറയിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനപാലകരും പൊലിസും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിനിടെ ചെരിഞ്ഞു. 30 വയസ് തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ഇന്നലെ രാവിലെ ആറോടെയാണ് പാറക്കപ്പാറയിലെ പടിക്കപ്പറമ്പില്‍ ആന്റണി തന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ കണ്ടത്. ഡി.എഫ്.ഒ സുനില്‍, റെയിഞ്ച് ഓഫിസര്‍ സോളമന്‍, അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി മധുസൂദനന്‍, ഫോറസ്റ്റര്‍മാരായ മനോഹരന്‍ കോട്ടാത്ത്, എം ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും കരിക്കോട്ടക്കരി എസ്.ഐ ടി സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസുമെത്തി വനത്തിലേക്കു തിരിച്ചുവിടാനുള്ള ശ്രമം തുടങ്ങിയെങ്കിലും ആന ജനവാസ കേന്ദ്രത്തില്‍ തന്നെ നിലയുറപ്പിച്ചു. ഉച്ചയ്ക്കു 12ഓടെ ആന പാറക്കപ്പാറയിലെ കൈത്തോട്ടിന്‍ കരയില്‍ കുഴഞ്ഞുവീണ് ചെരിയുകയായിരുന്നു. ആനയുടെ വലതു കാലിന്റെയും വയറിന്റെയും ഇടയിലായി മുറിവേറ്റ പാടുണ്ടണ്ട്. ഇതു വേടിയേറ്റതിനാലാണെന്നു കരുതുന്നു. മൃഗഡോക്ടര്‍മാരായ പി.എന്‍ ഷിബു, കെ മഞ്ഞപ്പ എന്നിവരെത്തി പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ജഡം പാറക്കപ്പാറയില്‍ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."