കാലവര്‍ഷക്കെടുതി
വടക്കാഞ്ചേരി: അതി ശക്തമായ പേമാരിയിലും ,രൂക്ഷമായ കാറ്റിലും വടക്കാഞ്ചേരി മേഖലയില്‍ വന്‍ നാശനഷ്ടം.
താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിന്റെ പിടിയിലമര്‍ന്നു. നിരവധി വീടുകള്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ നാശ നഷ്ടത്തിനാണ് നാട് സാക്ഷ്യം വഹിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. വടക്കാഞ്ചേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രദേശങ്ങളിലായി എഴുപത്തിരണ്ട് വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണു.
കിലോമീറ്ററുകള്‍ ദൂരം വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം താറുമാറായി. പലയിടത്തും ഇതുവരെ പുനസ്ഥാപിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് പരിസരത്ത് ഏഴ് മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
പൊലിസും , അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബിയുടേയും, മറ്റ് യന്ത്രങ്ങളുടേയും സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട അത്യധ്വാനത്തിലൂടെയാണ് മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. നഗരസഭയിലെ അമ്പലപുരം അമ്പലപ്പറമ്പില്‍ കൃഷ്ണന്‍ നായരുടെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റുകളും ഓടുകളും മരം വീണ്തകര്‍ന്നു.
അമ്മാട്ടിക്കുളം മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും നിറഞ്ഞ് കാനയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടത് മൂലം റോഡിലേക്ക് വെള്ളം കയറി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധികൃതരും നാട്ടുകാരും രംഗത്തിറങ്ങി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയത് മൂലം മേഖല വെള്ളക്കെട്ടില്‍ നിന്ന് രക്ഷപ്പെട്ടു.
പാര്‍ളിക്കാട് തേക്കിന്‍കാട്ടില്‍ കണ്ണപ്പന്റെ വീടിന് മുകളിലേക്ക് പുളിമരം കടപുഴകി വീണ് വീട് തകര്‍ന്നു. നരിയംപുളളി അലി അഹമ്മദിന്റെ വീടിന്റെ തറയോടു ചേര്‍ന്നുള്ള സംരക്ഷണഭിത്തി തകര്‍ന്നു വീണത് മൂലം കുടുംബം പരിഭ്രാന്തിയിലാണ്.
പൊലിസ് , അഗ്‌നിശമന സേന, വൈദ്യുതി വകുപ്പ് , നഗരസഭ എന്നിവരുടെ ഇടപെടലുകള്‍ ജന ദുരിതത്തിന് അല്ലമെങ്കിലും ആശ്വാസം പകരുന്നതായി. വലിയ നാശ നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അടിയന്തരമായി ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
മഴയില്‍ എരുമപ്പെട്ടി, വേലൂര്‍, കടങ്ങോട് പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടം
എരുമപ്പെട്ടി: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി മേഖലയില്‍ വന്‍നാശ നഷ്ടം. എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
എരുമപ്പെട്ടി കരിയന്നൂരില്‍ മരങ്ങള്‍ വീണു വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കേളംപുലാക്കല്‍ ഹൈദ്രോസ് കുട്ടിയുടെ വീടിന് മുകളില്‍ തേക്ക് വീണു വാര്‍പ്പിന്റെ സണ്‍ഷൈഡുകള്‍ തകര്‍ന്നു. ഐനികുന്നത്ത് സിദ്ധാര്‍ത്ഥന്റെ വീടിന്റെ മേല്‍കൂരയുടെ ഓടുകള്‍ ശക്തമായ കാറ്റില്‍ പറന്നു പോയി.
കേളംപുലാക്കല്‍ അഷറഫിന്റെ വീട്ടുമതില്‍ തേക്ക്മരം വീണു തകര്‍ന്നു. വ്യാപകമായി വാഴകൃഷിയും നശിച്ചിട്ടുണ്ട്. കരിയന്നൂര്‍, എരുമപ്പെട്ടി, തിപ്പല്ലൂര്‍ റോഡുകളില്‍ മരങ്ങള്‍ വീണു ഗതാഗത തടസമുണ്ടാവുകയും വൈദ്യുതി കമ്പികള്‍ പൊട്ടി വീണു വൈദ്യുതി തടസവും നേരിട്ടു.
കടങ്ങോട് പഞ്ചായത്തിലെ തെക്കുമുറി പെരുമ്പാറക്കുന്നില്‍ കുഞ്ഞയ്യപ്പന്റെ ഓടിട്ട വീട് സമീപ പറമ്പിലെ മരം വീണു ഭാഗികമായി തകര്‍ന്നു.
പെരുമ്പാറക്കുന്ന് കഴുങ്ക് വളപ്പില്‍ ബിബിനയുടെ ഓടിട്ട വീടിന്റെ മേല്‍ക്കൂര മരം വീണ് തകര്‍ന്നു. തെക്കുമുറി കുഴിപറമ്പില്‍ പങ്ങുവിന്റെ വീട്ട് മതില്‍ തേക്ക്മരം വീണ് തകര്‍ന്നു.
വെള്ളറക്കാട് നെല്ലിക്കുന്ന് നെല്ലിപറമ്പില്‍ സുബൈറിന്റെ വീടിന്റെ മേല്‍ക്കൂര തെങ്ങ് നടുപൊട്ടി വീണ് തകര്‍ന്നു. കുടക്കുഴിയില്‍ ഇലക്ട്രിക്ക് പോസ്റ്റിന്റെ നടുമുറിഞ്ഞ് വൈദ്യുതി തടസപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വേലൂര്‍ പഞ്ചായത്തിലെ തയ്യൂരിലും , പഴവൂരിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.
തയ്യൂര്‍ ഗവ.ഹൈസ്‌കൂളിലെ തേക്കിന്റെ വലിയ ചില്ലയൊടിഞ്ഞു 11 കെ.വി ലൈനില്‍ വീണു. തയ്യൂര്‍ മില്‍മ പരിസരത്തെ ചീരോത്ത് രാധയുടെ ഓട് വീടിനു മുകളില്‍ തെങ്ങു പൊട്ടിവീണു വര്‍ക്ക് ഏരിയായില്‍ നിറുത്തിയിട്ടിരുന്ന ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്ത് വന്‍മരങ്ങള്‍ റോഡിലേക്ക് വീണു തയ്യൂര്‍ എരുമപ്പെട്ടി റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
വെള്ളിപ്പറ്റ കോളനിയില്‍ കോട്ടേപ്പുറത്ത് ഷീബ , പട്യാത്ത് വളപ്പില്‍ സുമതി എന്നിവരുടെ വീടുകള്‍ മരം വീണു ഭാഗികമായി തകര്‍ന്നു. കോളനിയിലേക്കുള്ള വൈദ്യുത ലൈനില്‍ മരം വീണു പോസ്റ്റുകള്‍ നിലംപൊത്തി.
പഴവൂരിലും വന്‍മരം കടപുഴകി വീണു ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ആനക്കാക്കില്‍ ജാനകിയുടെ വീടിന്റെ മേല്‍കൂര തകര്‍ന്നു. ചിങ്ങപ്പുറത്ത് കൊച്ചനിയന്റെ വീടിന് മുകളില്‍ മരം വീണു കുളിമുറി തകര്‍ന്നു.
കോടശേരി നെടിയേടത്ത് ഗിരീഷിന്റെ വീടും ചാലയ്ക്കല്‍ തോമസിന്റെ വീടിനടുത്തുള്ള മോട്ടോര്‍ഷെഡും മരം വീണു തകര്‍ന്നു. തയ്യൂര്‍ പഴവൂര്‍ മേഖലകളിലായി 20 ലധികം ഇലക്ട്രിക് പോസ്റ്റുകളാണ് തകര്‍ന്നിട്ടുള്ളത് .
വാഴ കൃഷിയും കവുങ്ങ് , തെങ്ങ് , മാവ് , റബര്‍ പ്ലാവ് തുടങ്ങിയ മരങ്ങളും വ്യാപകമായി കടപുഴകിയും ഒടിഞ്ഞും വീണ് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
മൂന്ന് പഞ്ചായത്തുകളിലേയും വിവിധ പ്രദേശങ്ങളില്‍ സി.സി.ടി.വിയുടെ സിഗ്‌നല്‍ ഫൈബര്‍ കേബിളുകള്‍ മരം വീണു പൊട്ടി പ്രോഗ്രാം തടസപ്പെട്ടു. വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കും സഹായ ധനം നല്‍കണമെന്ന് യു.ഡി.എഫ് കുന്നംകുളം നിയോജ മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ആവശ്യപ്പെട്ടു.
വാടാനപ്പള്ളി : ഏങ്ങണ്ടിയൂരും ,തളിക്കുളത്തും വാടാനപ്പള്ളിയിലും കടല്‍ ക്ഷോഭം രൂക്ഷം. അറു പതോളം കുടുംബങ്ങളാണ് കടലേറ്റഭീഷണിയില്‍.വാടാനപ്പള്ളിയില്‍ ഇരുപത്തിആറ് വീടുകള്‍ കടലേറ്റ ഭീഷണിയിലാണ്.
വാടാനപ്പള്ളിയില്‍ കിഴക്കേപ്പാട്ട് രാജന്റെ ഓലമേഞ്ഞ വീട് തകര്‍ന്നു. ചേര്‍ക്കര തണ്ടയാന്‍ സരോജിനിയുടെ വീട് ,മേപ്പറബില്‍ മനോജിന്റെ വീടും. ഒരു റിസോട്ടും തകര്‍ന്നു. ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ വാടാനപ്പള്ളി ബീച്ച് സൈനുദ്ധീന്‍ നഗറില്‍ വൈദ്യുതി പോസ്റ്റ് വീണതിനെ തുടന്ന് തീരദേശത്ത് വൈദ്യുതി വിതരണം താറുമാറായി.
കടല്‍ഭിത്തിക്ക് മുകളിലൂടെ ശക്തമായ തിരമാലകളാണ് ബീച്ചിലെ സീവാള്‍ റോഡിന്ന് മുകളിലൂടെ സമീപത്തെ പറമ്പുകളിലേക്ക് കടല്‍ വെള്ളം കയറുന്നത്. ഏത്തായിയില്‍ ഒരു വീട് തകരാവുന്ന സ്ഥിതിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി.
കുറച്ച് വീട്ടുകാര്‍ താമസം മാറ്റി. പൊക്കുളങ്ങരയില്‍ ഇരുപത്തി അഞ്ച് വീടുകളാണ് കടലേറ്റ ഭീഷണിയില്‍. ഇവിടെ ശുദ്ധജല പൈപ്പ് കടല്‍ ക്ഷോഭത്തില്‍ മണ്ണിട്ട് മൂടിപ്പോയതിനാല്‍ വെള്ളം കിട്ടാതെ വീട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. പുഴ ഒഴുകും പോലെയാണ് വീടുകള്‍ക്ക് മുന്നിലൂടെ കടല്‍വെള്ളം ഒഴുകുന്നത്. കടല്‍ഭിത്തിക്ക് മുകളിലൂടേയും ഭിത്തി ഇല്ലാത്ത ഭാഗത്ത് കൂടിയും തിര അടിച്ച് കരയിലേക്ക് കയറുന്നു.
ഏങ്ങണ്ടിയൂരില്‍ ചുള്ളിയില്‍ ഷൈന്‍, കൂട്ടാല പ്രസാദ്, കൂട്ടാല വിവേകാനന്ദന്‍, ചുള്ളിയില്‍ ബാലന്‍, ചുള്ളിയില്‍ രാധാകൃഷ്ണന്‍, പനക്കല്‍ സൈരന്ധ്രി, കൂട്ടാല ജയലക്ഷ്മി, പനക്കല്‍ മധുസൂദനന്‍, ചുള്ളിയില്‍ ഉണ്ണികൃഷ്ണന്‍, പനക്കല്‍ ഉണ്ണികൃഷ്ണന്‍, കൂട്ടാല വിനോദ്, ചെറുവള്ളിദിനേഷ്, മഠത്തില്‍ രുഗ്മാംഗദന്‍, മഠത്തില്‍ മദനന്‍, മഠത്തില്‍ ഉണ്ണികൃഷ്ണന്‍, ഐക്കാരത്ത് ചന്ദ്രിക, വെണ്ണാരത്തില്‍ സുരേന്ദ്രന്‍ എന്നിവരുടെ വീടുകളെല്ലാം കടലേറ്റത്തിന്റെ ദുരിതം അനുഭവിക്കുന്നുണ്ട്. ചെമ്പന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും മകളുടെ കാഞ്ഞാണിയിലെ വീട്ടിലേക്ക് മാറി. ഏത്തായിയില്‍ ഈച്ചരന്‍ ചന്ദ്രന്റെ വീട് കടലെടുക്കുന്ന അവസ്ഥയിലാണ്.
ഒരു മീറ്റര്‍ അടുത്തുവരെ തിരയെത്തി. തൊട്ടടുത്ത വീടുകള്‍ക്കും കടലേറ്റ ഭീഷണിയുണ്ട്. മാറ്റിപ്പാര്‍പ്പിക്കുന്നതിന് വില്ലേജ് അധികൃതര്‍ നടപടി സ്വീകരിക്കുന്നു.എന്നാല്‍ സ്‌കൂളില്‍ താല്‍കാലിക പുനരധിവാസത്തിന്ന് തീരദേശ വാസികള്‍ക്ക് തയ്യാറല്ല.
പുതുക്കാട്: ശക്തമായ കാറ്റില്‍ പുതുക്കാട് തെക്കെതൊറവില്‍ മൂന്ന് വീടുകളുടെ മുകളില്‍ മരം വീണു തകര്‍ന്നു. പറപ്പൂക്കാരന്‍ ഡേവീസിന്റെ വീടിന് മുകളില്‍ തെങ്ങു വീണു വീടു തകര്‍ന്നു.
പറപ്പുള്ളി ത്രേസ്യയുടെ ഓടിട്ട വീടിന്റെ മേല്‍ക്കൂര മരം വീണു തകര്‍ന്നു. വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി.
തെക്കുമുറി ഭാസ്‌ക്കരന്റ വീടിന് മുകളില്‍ മരം വീണു വീടു ഭാഗികമായി തകര്‍ന്നു. വാര്‍ഡ് മെമ്പര്‍ മുരളി മഠത്തില്‍ സ്ഥലത്തെത്തി അധികൃതരെ വിവരമറിയിച്ചു.
മേഖലയില്‍ വ്യാപകമായി നേന്ത്രവാഴകള്‍ ഒടിഞ്ഞു വീണു. പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. മണലിപുഴയും കുറുമാലി പുഴയും നിറഞ്ഞൊഴുകി. പുഴയോരത്തുള്ള ഭൂരിഭാഗം കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം മരങ്ങള്‍ വീണു ഇരിങ്ങാലക്കുട റോഡില്‍ ഭാഗികമായി ഗതാഗതം സ്തംഭിച്ചു.
മരം വീണു ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നത് മൂലം നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. നന്തിപുലം കാട്ടിലപീടിക ഷൈജന്റെ വീടിന് മുകളില്‍ തെങ്ങ് വീണു വീടു പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. വീട്ടുപകരങ്ങള്‍ നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."