അടാട്ട് ബാങ്ക് ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: തൃശൂരിലെ അടാട്ട് സര്‍വിസ് സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. അനില്‍ അക്കര എം.എല്‍.എക്കും ബാങ്ക് പ്രസിഡന്റും മുന്‍ സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ മരുമകനുമായ എം.വി രാജേന്ദ്രനുമെതിരേയാണ് അന്വേഷണം.
അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ബാങ്കില്‍ ക്രമക്കേട് നടന്നെന്ന സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘത്തിന്റെ അംഗത്വ രജിസ്റ്ററിലും അനുബന്ധരേഖകളിലും കൃത്രിമം നടത്തുക, അര്‍ഹതയില്ലാത്തവര്‍ക്ക് വലിയ സംഖ്യ വായ്പ നല്‍കുക, ബാധ്യതാ രജിസ്റ്ററില്‍ ക്രമക്കേടുകള്‍ നടത്തുക, കൃത്രിമരേഖകള്‍ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതായാണ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.
കൂടുതല്‍ അന്വേഷണത്തിനായി രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാനേജിങ് ഡയറക്ടറോട് നിര്‍ദേശിച്ചെങ്കിലും യാതൊരുവിധ രേഖകളും സംഘത്തില്‍ സൂക്ഷിച്ചിട്ടില്ല എന്ന് രേഖാമൂലം ഡയറക്ടര്‍ എഴുതി നല്‍കിയിട്ടുണ്ടെന്ന് ജോയിന്റ് രജിസ്ട്രാര്‍ വ്യക്തമാക്കി. അനര്‍ഹര്‍ക്ക് കൃത്രിമ മാര്‍ഗങ്ങളിലൂടെ അംഗത്വം നല്‍കി വായ്പയും മറ്റാനുകൂല്യങ്ങളും നല്‍കിയതുവഴി സംഘത്തിന് 31.75 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. നെല്ല്, അടയ്ക്ക സംഭരണത്തിലും വില്‍പ്പനയിലും വായ്പ നല്‍കിയതിലും വലിയ തോതില്‍ ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നടത്തിയത്.
എം.വി രാജേന്ദ്രന്‍ അദ്ദേഹം തന്നെ ചെയര്‍മാനായ ഒരു സ്വകാര്യ കമ്പനിക്ക് 15 കോടി രൂപ യാതൊരുവിധ നിയമ പിന്‍ബലവുമില്ലാതെയും വായ്പ അനുവദിച്ചതും വിജിലന്‍സ് അന്വേഷിക്കും. അനില്‍ അക്കരയെ ബാങ്ക് വഴിവിട്ടു സഹായിച്ചുവെന്ന ആരോപണവും വിജിലന്‍സ് അന്വേഷിക്കും.
അതേ സമയം, വിജിലന്‍സ് അന്വേഷണത്തെ അനില്‍ അക്കര സ്വാഗതം ചെയ്തു. അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍നിന്നും ജില്ലയിലെ മറ്റ് യു.ഡി.എഫ് അനുകൂല സഹകരണ ബാങ്കുകളില്‍നിന്നും മന്ത്രി എ.സി മൊയ്തീന്‍ ഏകദേശം 100 കോടിയിലധികം രൂപ നിയമവിരുദ്ധമായി കണ്‍സ്യൂമര്‍ ഫെഡിന് നല്‍കിയ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും അനില്‍ അക്കര ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."