തുരുത്തി കോളനി നിവാസികളുടെ കുടില്‍ കെട്ടി സമരം എണ്‍പതാം ദിവസത്തിലേക്ക്
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ നിര്‍ദിഷ്ട ദേശിയപാത അലൈന്‍മെന്റ് അശാസ്ത്രീയമെന്നാരോപിച്ച് തുരുത്തി കോളനി നിവാസികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം ഇന്നേക്ക് എണ്‍പതാം ദിവസത്തിലേക്ക് കടന്നു. 2018 ഏപ്രില്‍ 27 മുതലാണ് സമരം തുടങ്ങിയത്. സമരം തുടങ്ങിയതിന് ശേഷം പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ നേടുന്നതിനായി നിയമസഭാ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങളാണ് കര്‍മ്മ സമിതി നടത്തിയത്. ജില്ലാ തലത്തിലും പഞ്ചായത്ത്തലത്തിലും നിരവധി സമരങ്ങള്‍ നടത്തിയതിന് ശേഷമാണ് പ്രതിഷേധം തലസ്ഥാനത്തേക്കും വ്യാപിപ്പിച്ചത്. തുരുത്തി കോളനി നിവാസികള്‍ക്ക് പിന്‍തുണയേകി സ്ഥലം എം.എല്‍.എ കെ.എം ഷാജി വിഷയം നിയമസഭയിലും എത്തിച്ചു. സമരത്തോട് നേരത്തെ പുറംതിരിഞ്ഞു നിന്ന പട്ടികജാതി ക്ഷേമസമിതി ഇപ്പോള്‍ അലൈന്‍മെന്റില്‍ അപാകമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും പ്രശ്‌നം പരിഹരിക്കണമെന്ന് സംഘടനയുടെ പാപ്പിനിശ്ശേരി ഏരിയാ സമ്മേളനത്തില്‍ പ്രമേയമാക്കുകയും ചെയ്തു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നലെ ജയ് ഭീം ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ തുരുത്തിയിലെത്തി. സംസ്ഥാന അധ്യക്ഷന്‍ വി.ആര്‍.എസ് സൈഡസ്, നേതാക്കളായ ഹര്‍ഷ വര്‍ധനകുമാര്‍, സതീഷ് മാവേലിക്കര, എം. സുമേഷ് എന്നിവര്‍ സമരക്കാരെ അഭിവാദ്യം ചെയ്തു. കെ. നിഷില്‍കുമാര്‍, കുഞ്ഞമ്പു കല്യാശ്ശേരി, കെ. നിമ സംസാരിച്ചു. ഭാരതീയ പട്ടികജാതി ജന സമാജം നേതാക്കളും പിന്തുണയുമായി സമരപന്തലിലെത്തി.സംസ്ഥാന രക്ഷാധികാരി നിര്‍മ്മല്ലൂര്‍ ബാലന്‍ സംഘത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."