കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ നാളെ മുതല്‍: 206 ബസുകള്‍ സര്‍വിസ് നടത്തുമെന്ന് ഗതാഗത മന്ത്രി
കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. നാളെ 206 ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക.
കൊവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുക. യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെയും യൂസ്ഡ് കാറുകളുടെയും വില്പന ഈ കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
പൊതുഗതാഗത സംവിധാനത്തെ ജനങ്ങള്‍ കയ്യൊഴിയുന്ന രീതിയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നതെന്ന് ഉടമകള്‍ മനസ്സിലാക്കണം.സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുന്നത് ഇക്കാലത്ത് ഗുണമാണോയെന്ന് സ്വകാര്യ ബസ് ഉടമകള്‍ ചിന്തിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. നഷ്ടം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ സര്‍വിസ് നിര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."