സ്‌കൂള്‍ കെട്ടിടം ധൃതിയില്‍ ഉദ്ഘാടനം ചെയ്യുന്നെന്ന് ആക്ഷേപം
കണിയാമ്പറ്റ: ഇന്ന് കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധൃതിപ്പെട്ടെന്ന് ആക്ഷേപം.
1.51 കോടി രൂപ മുടക്കി എം.എസ്.ഡി.പി പദ്ധതിയില്‍ നിര്‍മിതി കേന്ദ്ര നിര്‍മിച്ച കെട്ടിടത്തിന്റെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒപ്പം കെട്ടിടത്തിന്റെ ഫണ്ടിലുള്‍പ്പെടുത്തി നിര്‍മിക്കേണ്ട ടോയ്‌ലറ്റ് കോംപ്ലക്‌സ് പ്രവൃത്തി ആരംഭിച്ചിട്ട് പോലുമില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 1.51 കോടിയില്‍ നാല് നിലകളിലായി 12 ക്ലാസ് റൂമുകളും ടോയ്‌ലറ്റ് കോംപ്ലക്‌സും നിര്‍മിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയത്. എന്നാല്‍ 12 ക്ലാസ്‌റൂമുകള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ പ്രവൃത്തി ആരംഭിച്ചിട്ടു പോലുമില്ല. നിര്‍മിതി കേന്ദ്രയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. പുതിയ കെട്ടിടത്തില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് നിലവിലെ ടോയ്‌ലറ്റുള്ളത്.
എന്നാല്‍ പുതിയെ കെട്ടിടത്തിനോടൊപ്പം പണിയേണ്ട ടോയ്‌ലറ്റ് കോംപ്ലകസ് പണിയാതെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ലെന്ന നിലപാടിലാണ് നാട്ടുകാരില്‍ ചിലര്‍. നിലവിലുള്ള ടോയ്‌ലറ്റുകള്‍ തന്നെ തകര്‍ന്നും മറ്റും ശോചനീയാവസ്ഥയിലാണ്. പെണ്‍കുട്ടികള്‍ക്കായി സ്‌കൂളില്‍ പ്രത്യേകം ടോയ്‌ലറ്റിലാത്തതും ടോയ്‌ലറ്റിന്റെ ശോചനീയാവസ്ഥ കാരണം ആണ്‍കുട്ടികള്‍ തൊട്ടടുത്ത പള്ളികളെയാണ് ആശ്രയിക്കുന്നതും. എന്നിട്ടും ഫണ്ട് പാസായ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മിക്കാതെ ധൃതി പിടിച്ച് കെട്ടിടം ഉദ്ഘാടനം നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടനല്‍കുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് എം.ഐ ഷാനവാസ് എം.പിയാണ് നിര്‍വഹിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും എം.പി ഫണ്ടില്‍ നിന്നനുവദിച്ച കംപ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."