നഗരഭരണം സമ്പൂര്‍ണ പരാജയം: നടപ്പിലാക്കുന്നത് ജനദ്രോഹ നയങ്ങള്‍
വടക്കാഞ്ചേരി: നഗരസഭ ഭരണ സമിതി സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി ചെയര്‍മാന്‍ കെ.അജിത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ പബ്ലിസിറ്റിയുടെ ലോകത്ത് ജീവിക്കുകയാണ് ഭരണ സമിതി.
അധികാരമേറ്റിട്ട് എട്ട് മാസം പിന്നിട്ടിട്ടും മുന്‍ പഞ്ചായത്ത് ഭരണസമിതിയെ കുറ്റം പറഞ്ഞ് മുന്നോട്ടു പോകാനാണ് ഭരണാധികാരികള്‍ക്ക് താല്‍പര്യം. പുതിയ നഗരസഭയുടെ വികസനത്തിന് ആവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പോലും സാധിച്ചിട്ടില്ല. ഇതിനാവശ്യമായ സര്‍ക്കാര്‍ ഏജന്‍സിയെ കണ്ടെത്താന്‍ പോലും കഴിയാത്തത് തികഞ്ഞ പരാജയമാണ്.
കേന്ദ്ര സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും നടക്കുന്നില്ല. 35 കോടി രൂപയുടെ പദ്ധതികളാണ് അട്ടിമറിക്കപ്പെട്ടത്. മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ നഗരസഭക്കായി അനുവദിച്ച മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാകാത്തത് മൂലം ഈ തുക ലാപ്‌സാകുന്ന സ്ഥിതി വിശേഷമാണ്. നഗരസഭ എടുക്കുന്ന തീരുമാനങ്ങള്‍ പലതും കൗണ്‍സിലര്‍മാര്‍ പോലും അറിയുന്നില്ല.
41 കൗണ്‍സിലര്‍മാരെ പോലും വിശ്വാസത്തിലെടുക്കാന്‍ ഭരണ സമിതിക്ക് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സര്‍വ ശുദ്ധി മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി വലിയ തട്ടിപ്പാണ് വെറും പ്രചാരണ കോലാഹലമാണ് നടക്കുന്നത്. മാലിന്യ നീക്കം കടലാസില്‍ മാത്രമാണ്.
വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ആരംഭിക്കാന്‍ മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അനുവദിച്ച 13 ലക്ഷം രൂപ ചിലവഴിച്ച് അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രം ആരംഭിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സിന്ധു സുബ്രഹ്മണ്യന്‍, ടി.വി സണ്ണി, ജിജോ കുരിയന്‍, പി.വി നാരായണസ്വാമി, എന്‍.ആര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."