കൊവിഡ് പ്രതിരോധത്തിലെ ദേശീയ പാഠങ്ങള്‍
കൊവിഡ് 19 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ആറു മാസം പിന്നിട്ടിരിക്കുകയാണ്. ലോകത്തിലെ ഏകദേശം 210ലധികം രാജ്യങ്ങളിലായി രണ്ടു കോടിയോളം ജനങ്ങളെ ബാധിക്കുകയും ആറു ലക്ഷത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്നതിനായി ഇതര രാജ്യങ്ങളെപ്പോലെ ഇന്ത്യയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുകയും പൊതുഗതാഗത സംവിധാനങ്ങളും അന്തര്‍സംസ്ഥാന, അന്താരാഷ്ട്ര വിമാന സര്‍വിസുകളും റദ്ദാക്കുകയും ചെയ്തു. രാജ്യത്തെ പല ഭാഗങ്ങളിലായി അതിഥി തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി വന്നവര്‍ എന്നിവരെല്ലാം ദിവസങ്ങളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയും ഇവിടെ സംഭവിച്ചു. രാജ്യത്തെ സമസ്ത മേഖലകളെയും കൊവിഡ് സാരമായ രീതിയില്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്.
രോഗവ്യാപനം തീവ്രമായ പലയിടത്തും ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. എങ്കിലും രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന കാരണത്താല്‍ പൊതുസമൂഹം ഒരു പരിധിവരെ ഇവയെല്ലാം സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയെല്ലാം മുന്‍കരുതലുകളുണ്ടായിട്ടും സഹനത്തിന്റെ നിയന്ത്രിത ജീവിതം നയിച്ചിട്ടും എന്തുകൊണ്ടാണ് രോഗവ്യാപനം തടയാന്‍ കഴിയാത്തത്? മരണങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റാത്തത്? വിവിധ സംസ്ഥാനങ്ങളില്‍ രോഗതീവ്രത വിഭിന്നമായിരിക്കുന്നത് എന്തുകൊണ്ട്? ഇവയ്ക്കുത്തരം നല്‍കുന്നതിനും പൊതുസമൂഹത്തിന്റെ ആശങ്കകള്‍ അകറ്റുന്നതിനും ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നു പറയാതിരിക്കാന്‍ വയ്യ. അതുകൊണ്ടാണ് രോഗവ്യാപനത്തിന്റെ തീവ്രഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മഹാമാരി എന്ന് അവസാനിക്കുമെന്നറിയാത്തപ്പോള്‍ പോലും ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുള്ളതും അവയ്ക്കുത്തരം കണ്ടെത്തേണ്ടതും.
രോഗവ്യാപനം എങ്ങനെ?
കൊവിഡിന്റെ പ്രധാന വ്യാപനരീതി സമ്പര്‍ക്കത്തിലൂടെയാണ്. രോഗികളായവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുണ്ടാകുന്ന സ്രവങ്ങളുടെ തന്മാത്ര കണങ്ങളിലൂടെ അന്തരീക്ഷത്തിലൂടെയും രോഗം പകരാവുന്നതാണെന്ന് ഈയടുത്തായി കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ഇപ്പോള്‍ 2020ന്റെ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ ലോകത്തിലെ അപൂര്‍വം ചിലയിടങ്ങളിലൊഴിച്ച് എല്ലാ രാജ്യങ്ങളിലും എത്തിയിരിക്കുന്നു. ജനസഞ്ചാരത്തിലൂടെയാണ് രോഗം ലോകത്തെ വിവിധയിടങ്ങളിലെത്തിയതെന്ന് നിസ്സംശയം പറയാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് സമ്പര്‍ക്കം കുറയ്ക്കുകയും സഞ്ചാരം നിയന്ത്രിക്കുകയും രോഗപ്രതിരോധത്തിന്റെ അവിഭാജ്യ ഘടകങ്ങളാകുന്നത്.
വികസിത രാജ്യങ്ങളായ കാനഡ, നോര്‍വെ, ഹോങ്കോങ്, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ജനജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ പണവും അവശ്യവസ്തുക്കളും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്ന നയമാണു സ്വീകരിച്ചത്. അതുകൊണ്ട് ഇത്തരം രാജ്യങ്ങളില്‍ ജനസഞ്ചാരം നിയന്ത്രിക്കാനും രോഗവ്യാപനം തടയാനും കഴിഞ്ഞു. ഇന്ത്യയില്‍ സമ്പൂര്‍ണ അടച്ചിടലിനു മുന്‍പായി അതിഥി തൊഴിലാളികള്‍ക്ക് അവരുടെ നാട്ടിലെത്താനുള്ള അവസരം ലഭിക്കാതെ പോയതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ ലക്ഷക്കണക്കിനാളുകളുടെ പലായനം അന്തര്‍ സംസ്ഥാന തലത്തില്‍ രാജ്യത്തുണ്ടായി. ഇതു രോഗവ്യാപനത്തിന്റെ തീവ്രത കൂടുന്നതിനു കാരണമായി. കൂടാതെ പ്രവാസികളുടെ മടങ്ങിവരവും രോഗികളുടെ എണ്ണം കൂടുന്നതിനു ഹേതുവായിട്ടുണ്ടെങ്കിലും അവര്‍ക്കേര്‍പ്പെടുത്തിയ കര്‍ശന സമ്പര്‍ക്കവിലക്ക് (ക്വാറന്റൈന്‍) സമൂഹത്തില്‍ രോഗം സമ്പര്‍ക്കത്തിലൂടെ പകരുന്നതിനു കാരണമായെന്നു പറയാന്‍ കഴിയില്ല.
ഇന്ത്യയില്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ പാവപ്പെട്ടവര്‍, കൂലിത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, അസംഘടിത തൊഴില്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഒരു നിശ്ചിത തുക (7,500, 10,000) പ്രതിമാസം ആറു മാസത്തേയ്ക്ക് നല്‍കുകയും അവര്‍ക്കുവേണ്ട ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി എത്തിച്ചുകൊടുക്കുകയും ചെയ്യേണ്ടതായിരുന്നു. കൊവിഡ് പോലുള്ള ഒരു നൂറ്റാണ്ടിലെ മഹാമാരിയുടെ വ്യാപനം തടയുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഇത്തരമൊരു നടപടി തികച്ചും ആവശ്യമായിരുന്നുവെന്ന് രോഗവ്യാപനത്തിന്റെ ഈ തീവ്രഘട്ടത്തില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ അധികാരികള്‍ക്ക് ബോധ്യപ്പെടേണ്ടതാണ്.
മുന്നൊരുക്കങ്ങളുടെ അഭാവം
സമ്പൂര്‍ണ അടച്ചിടലിലൂടെ രാജ്യം ആറാഴ്ചയോളം കടന്നുപോയെങ്കിലും, പ്രസ്തുത സമയത്ത് മഹാമാരിയെ നേരിടുന്നതിനു വേണ്ട മുന്നൊരുക്കങ്ങളായ ചികിത്സാ സൗകര്യങ്ങള്‍, പരിശോധനാ കിറ്റുകള്‍, ലബോറട്ടറികള്‍, ആശുപത്രി കിടക്കകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കുന്നതിനു വേണ്ട നടപടികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞുവോ എന്ന ചോദ്യം പ്രസക്തമാണ്. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍, ജനസംഖ്യാടിസ്ഥാനത്തില്‍ അവിടെയുള്ള ചികിത്സാ സൗകര്യങ്ങള്‍, സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍, അവര്‍ക്കുവേണ്ട സഹായം എന്നിവ ഉറപ്പുവരുത്തല്‍ എന്നിവ തീരെ ഫലവത്തായില്ലെന്നു കാണാം. വിവിധ സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യങ്ങള്‍ വ്യത്യസ്തങ്ങളാണെന്നിരിക്കെ അവയെ ഏകോപിപ്പിക്കുന്നതിനും കുറഞ്ഞ സൗകര്യമുള്ള പ്രദേശങ്ങളില്‍ അവ ശാക്തീകരിക്കുന്നതിനും സത്വര നടപടികള്‍ ഇനിയെങ്കിലും കൈക്കൊള്ളേണ്ടതുണ്ട്.
വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍, പള്‍സ് ഓക്‌സീമീറ്റര്‍, വെന്റിലേറ്റര്‍ എന്നീ സൗകര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകിച്ച്, ആവശ്യമുള്ള പ്രദേശങ്ങളില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇനിയും വൈകരുത്. ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്. വ്യാപകമായ ടെസ്റ്റുകള്‍ നടത്തി രോഗികളെ കണ്ടെത്തുകയും മാറ്റിനിര്‍ത്തി ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മഹാമാരിയുടെ ഈ സമൂഹവ്യാപന ഘട്ടത്തില്‍ രോഗനിയന്ത്രണം സാധ്യമാകൂ. ഇക്കാര്യത്തില്‍ മുംബൈയിലെ ധാരാവി, രാജസ്ഥാനിലെ ഭീവണ്ടി, ഛത്തിസ്ഗഢ്, ഒഡിഷ, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളുടെ മാതൃക അനുകരണീയമാണ്.
രോഗചികിത്സ, ഗവേഷണം
നിലവിലെ രോഗികളുടെ വിവരങ്ങള്‍, പ്രായം, മരണനിരക്ക്, രോഗാതുരത കൂടുതല്‍ ആരിലൊക്കെ, ചികിത്സയോടുള്ള പ്രതികരണം, വിവിധ ചികിത്സാ പ്രോട്ടോകോളുകളുടെ താരതമ്യം എന്നിവ കേന്ദ്രീകൃതമായ രാജ്യത്തെ ഗവേഷക സമൂഹത്തിനു കൈമാറി സമയബന്ധിതമായി മെഡിക്കല്‍ സമൂഹത്തെയും പൊതുസമൂഹത്തെയും അറിയിക്കുന്നതിലും അങ്ങനെയൊരു സംവിധാനം ഒരുക്കുന്നതിലും വന്‍ വീഴ്ചയാണ് സംഭവിച്ചത്. ഇതുമൂലം ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും പൊതുസമൂഹത്തിനാകെയും ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. രാജ്യത്തെ വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരെയും പ്രൊഫഷനല്‍ സംഘടനകളെയും ഉള്‍പ്പെടുത്തിയുള്ള സമിതിയെ ഐ.സി.എം.ആറുമായി ഏകോപിപ്പിച്ച് ഇക്കാര്യത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കേണ്ടതാണ്. ഡോക്ടര്‍മാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കുറവുള്ള സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അവരെ എത്തിക്കുന്നതിനുവേണ്ട നടപടികളും സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കണം. സാമൂഹ്യ ബോധവല്‍ക്കരണത്തിനായി ദൃശ്യ, അച്ചടി, സമൂഹ മാധ്യമങ്ങള്‍ക്കു പുറമെ പ്രാദേശിക സമിതികളെക്കൂടി ചുമതലപ്പെടുത്തണം.
മഹാമാരിയുടെ പ്രയാണം പാതിവര്‍ഷം പിന്നിടുമ്പോള്‍ പുതിയ രോഗത്തെ അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടിയുള്ള സമയമായി അതിനെ കാണേണ്ടതായിരുന്നു. ഈ സമയത്ത് ലഭ്യമായ വിവരങ്ങള്‍, കണക്കുകള്‍, അനുഭവങ്ങള്‍ എന്നിവയെ സൂക്ഷ്മമായി പരിശോധിക്കുകയും നിര്‍ണായകമായി വിശകലനം ചെയ്യുകയും വേണം. അതായത്, കൊവിഡ് മഹാമാരി ഇന്ത്യന്‍ സമൂഹത്തിനും രാജ്യത്തിനുമേല്‍പ്പിക്കുന്ന പ്രഹരത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഒരു ജനതയുടെ ആരോഗ്യത്തിന്റെ കാവല്‍ ശക്തിപ്പെടുത്തുന്നതിനും ഈ നടപടികള്‍ ആവശ്യമാണ്. അതുതന്നെയായിരിക്കണം രാജ്യത്തെ സര്‍ക്കാരിന്റെ ഇനിയുള്ള ദിവസങ്ങളിലെ മുഖ്യ അജന്‍ഡയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."