ഇടുക്കിയില്‍ ഡെങ്കിപ്പനി പടരുന്നു; ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
തൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുഷമ അഭ്യര്‍ഥിച്ചു.
മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും കൊതുകുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. പനിക്കാരുടെ എണ്ണം കൂടുന്നതിനെത്തുടര്‍ന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയിലേയും വണ്ണപ്പുറം, മണക്കാട്, കരിങ്കുന്നം, പുറപ്പുഴ, കുമാരമംഗലം എന്നീ പഞ്ചായത്തുകളിലേയും ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചേര്‍ന്നു.
വാര്‍ഡുതല ശുചിത്വ സമിതികള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ഉറവിട നശീകരണം ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും ഉയര്‍ന്ന ഇന്‍ഡക്‌സുകള്‍ കണ്ടെത്തുന്ന പ്രദേശങ്ങളില്‍ ഫോഗിങ് സ്‌പ്രേയിങ് പ്രവര്‍ത്തനങ്ങള്‍ ആവശ്യഘട്ടങ്ങളില്‍ നടത്താനും തീരുമാനിച്ചു. മാലിന്യ നിര്‍മാര്‍ജനം, ഉറവിട നശീകരണം എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി നിയമനടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ കെ.എന്‍ വിനോദ്, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ എം.എം സോമി എന്നിവര്‍ സംസാരിച്ചു.
ഇന്നലെ നാല് ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യെപ്പട്ടത്. ഇതോടെ രണ്ടു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 24 ആയി. വണ്ടിപ്പെരിയാര്‍, പീരുമേട്, കരടിക്കുഴി എന്നിവിടങ്ങളിലാണ് പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇവിടെ ഏഴുപേര്‍ക്ക് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ പഠനം ആരംഭിച്ചു. ഡോക്ടര്‍ സുഷമയുടെ നേതൃത്വത്തില്‍ ജില്ല മലേറിയ ഓഫിസര്‍ കെ.എന്‍. വിനോദ്, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ എം.എം. സോമി, മലേറിയ ഇന്‍സ്‌പെക്ടര്‍ സുരേഷ്, എപ്പിഡമോളജിസ്റ്റ് രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. പ്രദേശങ്ങളില്‍ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നതായി അധികൃതര്‍ കണ്ടെത്തി.
ശരീരവേദനയോടെയുള്ള പനിയുണ്ടായാല്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. വേനല്‍ കടുത്തതോടെ വീടുകളില്‍ കുടിവെള്ളം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ പെരുകാന്‍ കാരണമെന്ന് പീരുമേട് മേഖലയില്‍ നടത്തിയ പഠനത്തിനു ശേഷം അധികൃതര്‍ ചൂണ്ടിക്കാട്ടി.
പീരുമേട്, പാമ്പനാര്‍ മേഖലയിലെ ഓടകളിലെ മാലിന്യ ശേഖരവും വെള്ളെക്കട്ട് നീക്കാത്തതും കൊതുക് പടരുന്നതിനു കാരണമായി. ജനങ്ങളുടെ ഭാഗത്തുനിന്ന് മതിയായ ശ്രദ്ധയുണ്ടെങ്കില്‍ െഡങ്കിപ്പനി തടയാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഡെങ്കിബാധിതര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ അതിനെ അതിഗൗരവമായി കാണണം. പനിബാധിച്ചവര്‍ കൊതുകുവലക്കുള്ളില്‍ മാത്രം കഴിയാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
വീട്ടില്‍ ഒരാള്‍ക്ക് രോഗാണുബാധയുണ്ടായാല്‍ രോഗവാഹകരായ കൊതുകുകള്‍ അവിടെയുണ്ടെന്ന് മനസ്സിലാക്കി മതിയായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. തലവേദന, പേശീവേദന, ശരീരവേദന തുടങ്ങിയവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍.
വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിലാണ് പീരുമേട്, കരടിക്കുഴി പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ രോഗം പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി വണ്ടിപ്പെരിയാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടിയന്തര േയാഗം ചേര്‍ന്നിരുന്നു. പ്രതിരോധം ഊര്‍ജിതമാക്കുന്നതിെന്റ ഭാഗമായി ഉറവിട നശീകരണം, ബോധവത്കരണം എന്നിവക്ക് പുറമെ അവശ്യ ഘട്ടങ്ങളില്‍ ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തും. വീട്ടില്‍ തന്നെയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."