ടിപ്പര്‍ ലോറി കയറി നാലര വയസുകാരന്റെ കാലിന് ഗുരുതര പരുക്ക്
വണ്ണപ്പുറം: അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറി പാഞ്ഞുകയറി പിഞ്ചുകുട്ടിയുടെ കാലിന് ഗുരുതര പരുക്ക്. വണ്ണപ്പുറം മുട്ടുകണ്ടം ഭാഗത്ത് കുറ്റിവേലില്‍ കാസിമിന്റെയും ജാസ്മിയുടെയും മകന്‍ റിസ്വാന്റെ (നാലര) കാലിലാണ് ലോറി കയറിയത്.
ഇടതുകാല്‍ ചതഞ്ഞരഞ്ഞനിലയില്‍ കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഓപ്പറേഷന്‍ നടത്താന്‍ നാലുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് നാലോടെ മുട്ടുകണ്ടത്താണ് അപകടം നടന്നത്. അമ്മയ്ക്കും അമ്മയുടെ സഹോദരിക്കുമൊപ്പം ബന്ധുവിന്റെ വിവാഹനിശ്ചയ സല്‍ക്കാരത്തില്‍ പങ്കെടുത്ത് അമ്പലപ്പടിയില്‍ ബസിറിങ്ങി ഓട്ടോറിക്ഷയില്‍ വീടിന് സമീപം ഇറങ്ങിനിന്ന കുട്ടിയെ എതിര്‍വശത്തുനിന്ന് പാഞ്ഞുവന്ന ടിപ്പര്‍ ലോറി ഇടിക്കുയായിരുന്നു. നിലത്ത് വീണ റിസ്വാന്റെ ഇടതുകാലിലൂടെയാണ് ലോറി കയറിയിറങ്ങിയത്.
അപകടം കണ്ടുനിന്ന ക്ഷുഭിതരായ നാട്ടുകാര്‍ ലോറി തടഞ്ഞു. വിവരമറിഞ്ഞ് എത്തിയ കാളിയാര്‍ പൊലിസ് ലോറി കസ്റ്റഡിയിലെടുത്തു. കാളിയാര്‍ സ്വദേശിയുടേതാണ് ലോറി.
വണ്ണപ്പുറം പഞ്ചായത്തില്‍ വ്യാപകമായി നിലം നികത്തലും മണ്ണ് മാന്തലും നടക്കുന്നതായി പരാതി ഉണ്ട്. പൊലിസിന്റെയും ജിയോളജി വിഭാത്തിന്റെയും മൗനാനുവാദത്തോടെയാണ് അനധികൃത മണ്ണ് മാന്തലും നിലം നികത്തലും നടത്തുന്നതെന്നാണ് റവന്യു അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."