സെക്രട്ടേറിയറ്റില്‍ ഉടന്‍ തീര്‍പ്പാക്കേണ്ട ഫയലിലും നടപടിയില്ല
വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വീടുകളിലിരുന്ന് ഫയല്‍ നോക്കണമെന്ന വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. ഇതിനേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു.
ഉത്തരവ് അട്ടിമറിച്ചതിനാല്‍ അടിയന്തര പ്രാധാന്യമുള്ള പല ഫയലുകളും സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 10.30ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ഒന്നര ലക്ഷത്തിലേറെ ഫയലുകളാണ് സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത്.
ഓരോ വകുപ്പിലും ജൂലായ് 30വരെ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം, അതിന്റെ പുരോഗതി എന്നിവ അറിയിക്കാനാണ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന് മുന്‍പ് തന്നെ സെക്രട്ടേറിയറ്റില്‍ ഫയലുകളുടെ കൂമ്പാരമാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓഫിസ് പ്രവര്‍ത്തിക്കാതായതോടെ സ്ഥിതി കൂടുതല്‍ വഷളായി. ലോക്ക്ഡൗണ്‍ ഏതാണ്ട് ഒരുമാസം പിന്നിട്ട ശേഷമാണ് അല്‍പമെങ്കിലും ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. സജീവമായിത്തുടങ്ങിയ ഘട്ടത്തില്‍ ജൂലായ് ആറിന് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍വന്നു. ഇതോടെ വീണ്ടും സെക്രട്ടേറിയറ്റ് അടച്ചു.
ട്രിപ്പിള്‍ ലോക്ക്ഡൗണിന് ശേഷം ആരോഗ്യം, ആഭ്യന്തരം, തദ്ദേശഭരണം വകുപ്പുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണമെന്ന് നിര്‍ദേശമുണ്ടായെങ്കിലും 10 ശതമാനം പേര്‍ പോലും എത്തിത്തുടങ്ങിയിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാകുന്നത് ജീവനക്കാരുടെ വരവിനെയും ബാധിച്ചു. ഇതേതുടര്‍ന്ന് വീടുകളിലിരുന്ന് ഫയലുകള്‍ നോക്കി തീര്‍പ്പാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ഉദ്യോഗസ്ഥരില്‍ മുഖ്യ പങ്കും ഒരു ഫയലും നോക്കിയില്ല.
വിശദീകരണം ചോദിച്ച വകുപ്പ് മേധാവികള്‍ക്ക് നല്‍കിയ മറുപടി വീട്ടില്‍ നെറ്റ് കണക്ഷനില്ല, കംപ്യൂട്ടറില്ല എന്നിങ്ങനെയാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രി ഓരോ വകുപ്പിലെയും തീര്‍പ്പാക്കാനുള്ള ഫയലുകള്‍ പരിശോധിക്കും. അതിനുശേഷം സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കും. ഇതും അട്ടിമറിച്ചാല്‍ തുടര്‍നടപടികളിലേക്ക് പോകാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."