ട്രാഫിക് ബോധവല്‍ക്കരണ പരിപാടി 'ശുഭയാത്ര' സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നടക്കുന്ന എറണാകുളം റൂറല്‍ ജില്ല സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ജില്ലാ ക്യാമ്പിന്റെ ഭാഗമായി ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ശുഭയാത്ര സംഘടിപ്പിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധവല്‍ക്കരണ റാലി എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസറും ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിയുമായ ഷീന്‍ തറയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ.കെ ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കി.
ഉദ്യോഗസ്ഥര്‍ക്കൊപ്പം കാക്കിയണിഞ്ഞ് റോഡിലിറങ്ങിയ കേഡറ്റുകള്‍ ഹെല്‍മറ്റ് വെക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, അമിത വേഗതില്‍ വാഹനമോടിച്ചവര്‍ എന്നിവരെ വെറുതെ വിട്ടില്ല. ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നുള്ള അഭ്യര്‍ത്ഥനക്കൊപ്പം ട്രാഫിക് നിയമങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്താണ് നിയനം ലംഘിച്ചവരെ യാത്രയാക്കിയത്. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ചവര്‍ക്ക് മധുരവും സമ്മാനങ്ങളും നല്‍കുവാനും കേഡറ്റുകള്‍ മറന്നില്ല. കേഡറ്റുകളെ നാല് ടീമുകളായി തിരിച്ച് അധ്യാപകര്‍, പൊലീസ് - മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം നാല് മേഖലകളിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പെരുമ്പാവൂര്‍, പട്ടാല്‍, മലമുറി, പാലക്കാട്ടുതാഴം, വല്ലം എന്നിവിടങ്ങളിലായിരുന്നു പരിശോധന. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരായ ജോ.ആര്‍.ടി.ഒ എന്‍.സി അജിത്ത് കുമാര്‍, എം.വി.ഐമാരായ സി.ഡി അരുണ്‍, സമീര്‍, എ.എം.വി.ഐ പി.ഡി അയ്യപ്പദാസ് എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫറുള്ള ഐ.എ.എസ്, എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് ഐ.പി.എസ്, കെ.ജി ശ്രീജിത്ത് പണിക്കര്‍, മേരി അനിത, റിട്ട. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബീന എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എ.ഡി.എന്‍.ഒ എ.പി ഷാജിമോന്‍, സിനിമാ താരം ഭഗത് മാനുവല്‍ എന്നിവര്‍ കേഡറ്റുകളുമായി സംവദിച്ചു. ക്യാമ്പിന്റെ ഭാഗമായി കളരി പരിശീലനം, പി.ടി, പരേഡ്, കൂട്ടയോട്ടം എന്നിവയും പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ സഹകരണത്തോടെ കപ്രിക്കാട് അഭയാരുണ്യം സന്ദര്‍ശിക്കുകയും ചെയ്തു. ദുരന്തനിവാരണ സേനാംഗങ്ങള്‍ പ്രകൃതി ദുരന്തങ്ങളേയും അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്ന വിധം മോക് ഡ്രില്ലിലൂടെ കേഡറ്റുകളെ പരിശീലിപ്പിച്ചു.
പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും. സമാപനത്തോടനുബന്ധിച്ച് രാവിലെ 7.30ന് കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡ് നടക്കും. അഡ്വ. എല്‍ദോസ് കുന്നിപ്പിള്ളി എം.എല്‍.എ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."