മാള ടൗണിലെ സൗന്ദര്യവല്‍ക്കരണ നിര്‍മിതികള്‍ മാസങ്ങളായി തകര്‍ന്നു കിടക്കുന്നു; ഈ അടുത്തെങ്ങാനും ശരിയാക്കുമോ?
മാള: മഹാ പ്രളയത്തിന്റെ സ്മാരകം പോലെ ടൗണിന്റെ ഹൃദയ ഭാഗത്തെ സൗന്ദര്യവല്‍ക്കരണ നിര്‍മിതികള്‍ അവശേഷിക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന മാള ടൗണിന്റെ പുനര്‍നിര്‍മാണം പാതി വഴിയില്‍ നിലച്ച നിലയിലാണ്. മാള ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മാളച്ചാലിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്റ്റീല്‍ ഹാന്റ് റെയിലുകളും ടൈലുകളും മാസങ്ങള്‍ക്ക് ശേഷവും തകര്‍ന്ന് കിടക്കുകയാണ്. മഹാപ്രളയത്തില്‍ ഒഴുകി വന്ന മാലിന്യങ്ങളും മറ്റും ഇവിടെ തങ്ങിയിരിക്കുന്നുമുണ്ട്. കാല്‍നട യാത്രക്കായും ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടുമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാളച്ചാലിനരികില്‍ സംവിധാങ്ങളൊരുക്കിയത്. മാള ഗ്രാമപഞ്ചായത്ത് ഓഫിസിനരികില്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തീരദേശ വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് മാളച്ചാലിന്റെ കുറച്ച് ഭാഗം കെട്ടിയുയര്‍ത്തി ടൈല്‍സ് പാകുകയും ഹാന്റ് റെയില്‍ സ്ഥാപിക്കുകയും ചെയ്തത്. ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ കൂടി ഭാഗമായി 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഈ ഭാഗം മനോഹരമാക്കിയത്. മഹാപ്രളയം കഴിഞ്ഞ് എട്ട് മാസത്തോളമായിട്ടും ഇവ പുതുക്കി പണിയുക പോയിട്ട് അവശിഷ്ടങ്ങള്‍ പോലും മാറ്റിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."