എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം
അമ്പലപ്പുഴ: യുവതലമുറക്ക് ആദര്‍ശ വഴിയില്‍ ധാര്‍മ്മികതയുടെയും പ്രവാചക സ്‌നേഹത്തിന്റെയും ധൈഷണിക ബോധത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കി വളഞ്ഞവഴി ഹുദൈബിയ നഗരില്‍ എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കമായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും ക്യാംപിന് ആവേശം പകര്‍ന്നു.
വിവിധ വിഷയങ്ങളില്‍ പ്രമുഖരുടെ പഠന ക്ലാസുകള്‍ മദീന പാഷനെ മികവുറ്റതാക്കി.വൈകിട്ട് മൂന്നിന് ക്യാംപ് രജിസ്‌ട്രേഷന്‍ നടന്നു. തുടര്‍ന്ന് കാക്കാഴം മസ്ജിദ് ചീഫ് ഇമാം കുഞ്ഞ് മുഹമ്മദ് ബാഖവി പതാക ഉയര്‍ത്തി. പ്രവര്‍ത്തകര്‍ അണിനിരന്ന ഗ്രാന്‍ഡ് അസംബ്ലി ശ്രദ്ധേയമായി.നവാസ് അന്‍വരി പ്രതിഞ്ജ ചൊല്ലി കൊടുത്തു.
ഉദ്ഘാടന സെക്ഷനില്‍ യു.അഷറഫ് അധ്യക്ഷത വഹിച്ചു.സമസ്ത ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. നബി ചര്യ പിന്‍പറ്റി ആദര്‍ശ മുന്നേറ്റത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും സമാധാനത്തിന്റെയും നന്‍മയുടെയും വാക്താക്കളായി സമൂഹത്തിന് മാതൃക തീര്‍ക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തീവ്രതയുടെ പാതയല്ല സൗമ്യതയുടെ പ്രവാചക പാതയാണ് സമസ്ത എക്കാലവും സമൂഹത്തെ പരിചയപ്പെടുത്തിയത്.അതിനാലാണ് കേരളീയ മുസ്്‌ലിം പൈതൃകം അഭിമാനബോധത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നതെന്നും സി.മുഹമ്മദ് അല്‍ ഖാസിമി സൂചിപ്പിച്ചു.
സലീം ഫൈസി പതിയാങ്കര പ്രാര്‍ഥന നടത്തി. അഹമ്മദ് നീര്‍ക്കുന്നം സ്വാഗതം പറഞ്ഞു. നവാസ് എച്ച് പാനൂര്‍ ആമുഖ പ്രഭാഷണം നടത്തി.മവാഹിബ് അരീപ്പുറം സംസാരിച്ചു.
' ആദര്‍ശ ഭദ്രത ആത്യന്തിക വിജയത്തിന് ' എന്ന വിഷയത്തില്‍ അമീര്‍ ഹുസൈന്‍ ഹുദവി ,മലപ്പുറം ക്ലാസ് നയിച്ചു.മോട്ടിവേഷന്‍ ക്ലാസിന് ഡോ.അബ്ദുല്‍ ജബ്ബാര്‍ നേതൃത്വം നല്‍കി. മജ്‌ലിസുന്നൂറിന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കി. സയ്യിദ് അബ്ദുല്ല ദാരിമി ഐദ്രൂസി നസീഹത്ത് നടത്തി.
ഇന്ന് രാവിലെ ആറിന് ഉസ്‌വതുല്‍ ഹസന എന്ന വിഷയത്തില്‍ ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസ് നയിക്കും. ന്യൂജന്‍ ഹോപ്‌സ് എന്ന തലക്കെട്ടില്‍ റഷീദ് ഫൈസി വെള്ളായിക്കോട് ക്ലാസ് നയിക്കും.തുടര്‍ന്ന് സംഘടന സംഘാടനം എന്ന തലക്കെട്ടില്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി ക്ലാസെടുക്കും. സമസ്ത വിശ്വ ഇസ്്‌ലാമിക ഏകകം എന്ന വിഷയത്തില്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ ക്ലാസ് നയിക്കും. സ്‌നേഹ ജാലകം എന്ന സെക്ഷനില്‍ ഖലീല്‍ വാഫി മലപ്പുറം സംസാരിക്കും.മെഡിറ്റേഷന്‍ എന്ന വിഷയത്തില്‍ ഷെമീം ഫൈസി മഞ്ചേരി ക്ലാസ് നയിക്കും.
വൈകിട്ട് 6-30 ന് നീര്‍ക്കുന്നം മസ്ജിദുല്‍ ഇജാബക്ക് സമീപം സമാപന സമ്മേളനം നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി അധ്യക്ഷത വഹിക്കും.
അഹമ്മദ് അല്‍ഖാസിമി ആമുഖ പ്രഭാഷണം നടത്തും. അഡ്വ.മുഹമ്മദ് ഫൈസി ഓണമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. മവാഹിബ് അരീപ്പുറം സ്വാഗതം ആശംസിക്കും.
അബ്ദുല്‍ റഹ്മാന്‍ അല്‍ഖാസിമി,പി.എ ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍,നിസാമുദ്ദീന്‍ ഫൈസി,മജീദ് കുന്നപ്പള്ളി,എം.അബ്ദുല്‍ റഹീം, ഇബ്രാഹിം കുട്ടി വിളക്കേഴം,നവാബ് മുസ്്‌ലിയാര്‍ കാക്കാഴം എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."