പേരുമലയില്‍ വീട് കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണം കവര്‍ന്നു
വെഞ്ഞാറമൂട് : പേരുമലയില്‍ വീട് കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണം കവര്‍ന്നു. പേരുമല സുബിന് മന്‍സിലില്‍ സുബൈദയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച വീട്ടമ്മയും മകനും മരുമകളും ബന്ധു വീട്ടില്‍ പോയിരുന്നു. ശനിയാഴ്ച മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ പൊളിച്ച നിലയില്‍ കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഇതിനു പിന്നാലെ ഈ വീട്ടില്‍ നിന്ന് അധികം അകലെയല്ലാത്ത പേരുമല മെഹ്ഫില്‍ മന്‍സില്‍ ഷംനാദിന്റെ വീട്ടില്‍ മോഷണ ശ്രമവുമുണ്ടായി. ശനിയാഴ്ചയോടെ വീട്ടുകാര്‍ വിനോദ യാത്ര പോയിരുന്നു. ഇന്നലെ രാവിലെ കുടുംബ വീട്ടില്‍ നിന്നും ഷംനാദിന്റെ പിതാവും റിട്ട. അധ്യാപകനുമായ അബ്ദുല്‍ റസാക്ക് ചെടികള്‍ക്ക് വെള്ളമൊഴിക്കാനായി എത്തിയപ്പോള്‍ വീടിന്റെ മുന്‍ വശത്തെ വാതില്‍ തുറന്ന് കിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വീടിന്റെ മുറികളിലെ വാതിലുകളും അലമാരയുടെ വാതിലുകള്‍ പൊളിച്ച് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍ കണ്ടെത്തിയെങ്കിലും ഇവിടെ നിന്നും സാധനങ്ങളൊന്നും നഷ്ടമായില്ലെന്ന് സ്ഥിരീകരിച്ചു. ഇരു വീട്ടുകാരും നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."