അജ്മലിന്റെ മൃതദേഹം ലഭിച്ചത് നാലാംദിവസം
പേരിയ (വയനാട്): പേരിയ 38ല്‍ കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ തയ്യുള്ളതില്‍ അയ്യൂബ്-റസീന ദമ്പതികളുടെ മകന്‍ അജ്മലിന്റെ(7) മൃതദേഹം കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ 11ഓടെ പേരിയ 38ല്‍നിന്ന് നാലുകിലോമീറ്റര്‍ അകലെ വരയാല്‍ 42ാം മൈലിലെ തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തോട്ടില്‍ കുത്തിയൊലിച്ചുവന്ന വെള്ളത്തിനൊപ്പം മൃതദേഹം ഒഴുകിവന്നത് സമീപവാസികളാണ് കണ്ടത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വരയാല്‍ എസ്.എന്‍.എല്‍.എല്‍.പി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ അജ്മലിനെ കാണാതായത്. വള്ളിത്തോട് ജുമാമസ്ജിദില്‍ പ്രാര്‍ഥനയ്ക്കുശേഷം വീട്ടിലേക്ക് പോകുമ്പോള്‍ നടപ്പാലത്തില്‍നിന്ന് കാല്‍വഴുതി തോട്ടിലേക്ക് വീണുവെന്നാണ് നിഗമനം.
വെള്ളിയാഴ്ച അഗ്‌നിശമനസേന, പൊലിസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ ചെരുപ്പുകളും, തൊപ്പിയും തോട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. കൊച്ചി നേവല്‍ അക്കാദമിയില്‍ നിന്നുള്ള അഞ്ചംഗ സംഘവും കാസര്‍കോട് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലിസില്‍ നിന്നുള്ള ആറംഗ സംഘവും, എസ്.കെ.എസ്.എസ്.എഫ് വിഖായ ആക്റ്റീവ് അംഗങ്ങളും, കല്‍പ്പറ്റയിലെ തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങളും വാളാട്, പേരിയ 36ലെ സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം വൈകിട്ട് 5.45ഓടെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് വള്ളിത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. രണ്ട് വയസുള്ള നിഹാല്‍ ഏക സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."