അബ്ദുല്‍ കരീമിന്റെ റേഡിയോ സൗഹൃദത്തിന് ആറു പതിറ്റാണ്ടിന്റെ ആത്മബന്ധം
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: അബ്ദുല്‍ കരീമിന്റെ റേഡിയോ സൗഹൃദത്തിന് ആറു പതിറ്റാണ്ടിന്റെ ആത്മബന്ധമാണ് പറയാനുള്ളത്. 60 വര്‍ഷമായി ഉണര്‍വിലും ഉറക്കത്തിലും റേഡിയോയെ ഒപ്പം കൂട്ടിയിരിക്കുകയാണ് മുറ്റിച്ചൂര്‍ രാമാക്കല്‍ സ്വദേശിയായ അബ്ദുല്‍ കരീം. 75-ാം വയസിലും റേഡിയോ ഈ വയോധികനു ഹരമാണ്.
മുറ്റിച്ചൂര്‍ സ്വദേശിയായ അബ്ദുല്‍ കരീമിനു കുട്ടിക്കാലം മുതലേ റേഡിയോയിലെ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോള്‍ ഫോറിന്‍ സാധനങ്ങള്‍ വില്‍ക്കുന്ന ജോലിയിലേര്‍പ്പെട്ട അബ്ദുല്‍ കരീം അന്നു മുതലാണ് റോഡിയോയുമായി തന്റെ സൗഹ്യദം തുടങ്ങുന്നത്. തുടക്കത്തില്‍ പാട്ടുകള്‍ കേട്ടായിരുന്നു സൗഹൃദം. മുതിര്‍ന്നപ്പോള്‍ പാട്ടിനു പുറമെ റേഡിയോവില്‍ വരുന്ന വാര്‍ത്തകളും കൃഷിയറിവുകളും മറ്റു പരിപാടികളും കേള്‍ക്കാന്‍ തുടങ്ങി. പണിക്കു പോകുമ്പോഴും സമീപ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും കരീമിന്റെ കൈയില്‍ റേഡിയോ ഉണ്ടാകും.
ആക്രി കച്ചവടക്കാരനായ അബ്ദുല്‍ കരീം സമീപത്ത് റേഡിയോ ഓണ്‍ ചെയ്തു വച്ചാണ് പണിയെടുക്കാറ്. കഴിഞ്ഞ അറുപതു വര്‍ഷമായി കൈയില്‍ റേഡിയോ ഇല്ലാതെ കരീം പുറത്തിറങ്ങാറില്ല. ആറു പതിറ്റാണ്ടിനിടയില്‍ 10 റേഡിയോകള്‍ വാങ്ങിയിട്ടുള്ള കരീമിന്റെ പക്കല്‍ ഇപ്പോഴുള്ളത് ഏഴു മാസം മുന്‍പ് വാങ്ങിയ റേഡിയോയാണ്. പുലര്‍ച്ചെ റേഡിയോ ഓണ്‍ ചെയ്തു കൊണ്ടാണ് ഇദ്ദേഹത്തിന്റെ ദിനചര്യകള്‍ തുടങ്ങുന്നത്. റേഡിയോയിലെ ശബ്ദവീചികളുടെ അകമ്പടിയോടെയാണ് കുളിയും ഭക്ഷണവും.
ജോലി കഴിഞ്ഞു മടങ്ങുന്ന സമയത്ത് അബ്ദുല്‍ കരീമിനോടൊപ്പം ശബ്ദിക്കുന്ന റേഡിയോ സഹയാത്രികനായി കൂടെ ഉണ്ടാകും. രാത്രി ഏറെ നേരം റേഡിയോ പരിപാടികള്‍ കേട്ടാണ് ഉറങ്ങാന്‍ കിടക്കുന്നത്. രാത്രി 11 നും രാവിലെ ആറിനുമിടക്കുള്ള ഏതാനും മണിക്കൂറുകള്‍ മാത്രമാണ് കരീമിനോടൊപ്പം റേഡിയോയും വിശ്രമിക്കുന്നത്. ഓരോ വര്‍ഷം പിന്നിടുമ്പോഴും റേഡിയോയുമായുള്ള തന്റെ ആത്മബന്ധം ഏറിവരികയാണെന്ന് കരീം പറഞ്ഞു.
തന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മനസിനെ താളം തെറ്റാതെ പിടിച്ചു നിര്‍ത്തുന്നതില്‍ റേഡിയോ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് അബ്ദുല്‍ കരീമിന്റെ പക്ഷം. റേഡിയോയുമായുള്ള തന്റെ സൗഹൃദം തുടരാന്‍ തന്നെയാണ് ഈ വയോധികന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."