വഴിവിളക്കുകള്‍ തെളിയാന്‍ ജനങ്ങള്‍ ഇനിയും കാത്തിരിക്കണം
തുറവൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വഴിവിളക്കുകള്‍ തെളിയിക്കാതെകിടക്കുന്നു. പുതുതായി നിര്‍മ്മിച്ച തൈക്കാട്ടുശേരി പാലത്തിലെ വഴിവിളക്കുകളാണ് തെളിയിക്കാത്തത്. കെ.സി വേണുഗോപാല്‍ എം.പി.യുടെ പ്രദേശിക വികസന ഫണ്ടില്‍പ്പെടുത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപ മുടക്കിയാണ് പതിനഞ്ച് വിളക്കുകാലുകളും എല്‍.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചത്. തുറവൂര്‍ തൈക്കാട്ടുശേരി പഞ്ചായത്തുകള്‍ സംയുക്തമായാണ് വഴിവിളക്കിനാവശ്യമായ വൈദ്യുതി ബില്ല് അടക്കേണ്ടത്. ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ ഇരുപഞ്ചായത്തുകള്‍ക്കും കഴിയാത്തതാണ് വിളക്കുകള്‍ തെളിയാത്തതിന് കാരണമെന്നാണ് പറയുന്നു. വഴിവിളക്കുകള്‍ ഇല്ലാത്തതുമൂലം സന്ധ്യകഴിഞ്ഞാല്‍ പാലത്തിലുടെ സഞ്ചരിക്കാന്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയായത്. എന്നാല്‍ രാഷ്ട്രിയ വടംവലിയില്‍ കുരുങ്ങി പദ്ധതി പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. പ്രദേശത്ത് ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും രാഷ്ട്രിയ നേതൃത്വം പരസ്പരം പഴിചാരി തലയൂരാന്‍ ശ്രമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."