പാതയോരത്ത് ഹരിതതീരമൊരുക്കി ചന്ദ്രന്‍
തളിപ്പറമ്പ്: പാതയോര സൗന്ദര്യവല്‍ക്കരണത്തിന് പുത്തന്‍ മാതൃകയാവുകയാണ് കുറ്റിക്കോലിലെ എം.പി ചന്ദ്രന്‍. തളിപ്പറമ്പില്‍നിന്ന് കണ്ണൂരിലേക്ക് ദേശീയപാതയിലൂടെ കടന്നുപോകുന്നവരെല്ലാം കുറ്റിക്കോല്‍ പഴയ ടോള്‍ ബൂത്തിനടുത്തെത്തുമ്പോള്‍ ഒരു നിമിഷമെങ്കിലും ചന്ദ്രന്‍ ഒരുക്കിയ പൂന്തോട്ടത്തിലേക്ക് കണ്ണോടിക്കാതിരിക്കില്ല.
നിരവധി വര്‍ണങ്ങളില്‍ വിരിയുന്ന പൂക്കളോടൊപ്പം ഇവിടെ പുല്‍ത്തകിടി കൂടിയൊരുക്കി മനോഹരമാക്കിയിട്ടുണ്ട്. കാടുപിടിച്ചു കിടന്ന ഇവിടെ 2016 ജൂണ്‍ അഞ്ചിനാണ് ചന്ദ്രന്‍ പൂന്തോട്ടം നിര്‍മിച്ചത്. എല്ലാ ദിവസവും മുടങ്ങാതെ രാവിലെയും വൈകുന്നേരവും ചെടികളെ പരിപാലിക്കുകയും ചെയ്തു. മനോഹരമായ പൂന്തോട്ടം നിരവധി പേരെ ആകര്‍ഷിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് സ്വന്തം കൈയില്‍നിന്ന് പണം ചെലവഴിച്ച് ചന്ദ്രന്‍ പുല്‍ത്തകിടിയൊരുക്കിയത്.
ഇതോടെ പൂന്തോട്ടം കൂടുതല്‍ ആകര്‍ഷകമായി. ടാങ്കറുകളില്‍ വെള്ളമെത്തിച്ചാണ് കത്തുന്ന വെയിലില്‍ ചെടികളെ സംരക്ഷിക്കുന്നത്. പാതയോരത്തെ ഈ ഹരിത തീരം ദേശീയപാതയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് പാമ്പ് സംരക്ഷകന്‍ കൂടിയായ ചന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."